കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിക്ക് കീഴിൽ കുവൈത്ത് ഔക്കാഫ് മത കാര്യ വകുപ്പിന്റെ അനുമതിയോടെ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് പിൻവശത്തെ പാർക്കിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് മൗലവി അബ്ദുന്നാസർ മുട്ടിൽ നേതൃത്വം നൽകി.

സ്വന്തം ആത്മാവിനെ സംസ്‌കരിക്കാനുള്ള ആഘോഷമാണ് ഈദുൽ ഫിത്ർ. വ്യക്തികൾക്കു സ്വന്തം ജീവിതത്തിലേക്കും കർമ്മങ്ങളിലേക്കും തിരിഞ്ഞുനോക്കാനും ആത്മ പരിശോധന നടത്താനുമുള്ള പ്രേരണകൂടിയാണിത്. റമസാൻ വ്രതകാലത്തെ ശരിയായ വിധത്തിൽ സ്വീകരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തവർക്കാണ് പെരുന്നാൾ ആഘോഷത്തിന്റെ യഥാർത്ഥ സന്തോഷവും സത്തയും ആസ്വദിക്കാൻ സാധിക്കുകയെന്ന് ഖത്തീബുമാർ വിശദീകരിച്ചു.

മംഗഫ് ബ്ലോക്ക് 4 ലെ മസ്ജിദ് ഫാത്വിമ അജ്മിയിൽ ഹാഫിള് മുബശ്ശിറും മഹ്ബൂല ഓൾഡ് എൻ.എസ്.സി ക്യാമ്പ് മസ്ജിദിൽ മുർഷിദ് അരീക്കാടും സാൽമിയ മസ്ജിദ് അൽ വുഹൈബിൽ ഷാനിബ് പേരാമ്പ്രയും നേതൃത്വം നൽകി.