കൊച്ചി: എറണാകുളം ജില്ലയിലെ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി അന്തരിച്ചു. വേങ്ങൂര്‍ കൈപ്പിള്ളി പുതുശ്ശേരി വീട്ടില്‍ അഞ്ജന ചന്ദ്രന്‍ (28) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 3.15-ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ വേങ്ങൂര്‍ പഞ്ചായത്തില്‍മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

കഴിഞ്ഞ 75 ദിവസത്തിലധികമായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു അഞ്ജന. അഞ്ജനയടക്കം മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരില്‍ നിന്നടക്കം ധനസമാഹരണം നടത്തിയാണ് ഇവരുടെ ചികിത്സക്കായുള്ള പണം കണ്ടെത്തിയിരുന്നത്.

25 ലക്ഷത്തോളം കുടുംബം ചികിത്സയ്ക്കായി ചെലവാക്കിയിട്ടും സര്‍ക്കാര്‍ നയാപൈസ ധനസഹായം നല്‍കിയിട്ടില്ല. വാട്ടര്‍ അതോറിറ്റി പമ്പ് ചെയ്ത വെള്ളത്തില്‍നിന്ന് ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം 250ലേറെപ്പേരെ ബാധിച്ചെങ്കിലും സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല എന്ന ആക്ഷേപത്തിനിടയിലാണ് അഞ്ജനയുടെ മരണം.

ഏപ്രില്‍ 17നാണ് വേങ്ങൂരില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നത്. അഞ്ജനയുടെ ഭര്‍ത്താവ് ശ്രീകാന്ത്, സഹോദരന്‍ ശ്രീനി തുടങ്ങിയവരുള്‍പ്പെടെ ആശുപത്രിയില്‍ ചികിത്സ തേടി. ശ്രീകാന്ത് ഗുരുതരാവസ്ഥയിലായെങ്കിലും രക്ഷപെട്ടു. ഡയാലിസിസ് ചെയ്താണ് ശ്രീകാന്ത് ജീവന്‍ നിലനിര്‍ത്തുന്നത്. ഉപജീവനമാര്‍ഗമായ പശുവിനെയും ലോറിയും വിറ്റാണ് ഇവര്‍ ചികിത്സ നടത്തിയത്. തുടക്കത്തില്‍ തന്നെ അസുഖം ബാധിച്ച അഞ്ജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ രോഗം മൂര്‍ച്ഛിച്ചു.

മഞ്ഞപ്പിത്തം കരളിനെയും വൃക്കയെയും ബാധിച്ചു. നാട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയായിരുന്നു ചികിത്സ. പഞ്ചായത്തും ഇതിനിടെ സഹായനിധി രൂപീകരിച്ച് രണ്ടരലക്ഷത്തോളം രൂപ കൈമാറി. 25 ലക്ഷം രൂപ ചികിത്സയ്ക്ക് ചിലവായിട്ടും അഞ്ജനയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നില്ല. ഉള്ള ഭൂമി കൂടി വിറ്റ് മകളുടെ ചികിത്സ നടത്താന്‍ അച്ഛന്‍ ചന്ദ്രനും അമ്മ ശോഭനയും തീരുമാനിച്ചിരിക്കെയാണ് അഞ്ജന മരണത്തിന് കീഴടങ്ങുന്നത്.

വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണം വാട്ടര്‍ അതോറിറ്റി പമ്പ് ചെയ്ത കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതാണെന്ന് ആരോഗ്യവകുപ്പും അല്ലെന്ന് വാട്ടര്‍ അതോറിറ്റിയും നിലപാടെടുത്തിരുന്നു. ജോളി രാജു, കാര്‍ത്യായനി എന്നിവര്‍ ഇതിനിടെ മഞ്ഞപ്പിത്തത്തെത്തുടര്‍ന്ന് മരിച്ചതോടെ വിഷയം വലിയ തോതില്‍ ചര്‍ച്ചയാവുകയും ചെയ്തു. ജില്ലാ കലക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിക്കുകയും മൂവാറ്റുപുഴ ആര്‍ഡിഒ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറുകയും ചെയ്തു. ധനസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതാണ് റിപ്പോര്‍ട്ട് എന്നാണ് അറിയുന്നത്. കലക്ടര്‍ ഇത് സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമൊന്നും ആയില്ല.

ആരോഗ്യവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ ആവശ്യപ്പെട്ടും ധനസഹായത്തിനു വേണ്ടിയും വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പൈടയുള്ളവര്‍ തിരുവനന്തപുരത്തെത്തി ആരോഗ്യമന്ത്രിയെ കണ്ടിരുന്നു. എല്ലാ കാര്യങ്ങളും മന്ത്രി വാഗ്ദാനം ചെയ്യുകയും വൈകാതെ വേങ്ങൂരിലെത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരെ ആരോഗ്യമന്ത്രി വേങ്ങൂര്‍ സന്ദര്‍ശിച്ചിട്ടില്ല. പഞ്ചായത്ത് അധികൃതര്‍ നാട്ടുകാരില്‍നിന്ന് പിരിച്ച പണമാണ് മരിച്ചവരുടെ കുടുംബത്തിനും ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ക്കും നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാര്‍ ധനസഹായം അനുവദിക്കാന്‍ നിയമപരമായ തടസ്സമുണ്ടെന്നായിരുന്നു അധികൃതരുടെ ആദ്യവാദം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരു മാസത്തിലേറെയായിട്ടും മഞ്ഞപ്പിത്തം ബാധിച്ച് സര്‍വതും തകര്‍ന്ന ഒട്ടേറെ പേര്‍ക്ക് ഇനിയും സഹായമെത്തിയിട്ടില്ല.

ജല അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് വേങ്ങൂര്‍, മുടക്കുഴ പഞ്ചായത്തിലെ 240-ഓളം പേര്‍ക്ക് മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചിരുന്നു. മരിച്ച അഞ്ജനയുടെ ഭര്‍ത്താവ്, ഭര്‍തൃസഹോദരന്‍ എന്നിവരും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: ശ്രീകാന്ത്. പിതാവ്: ചന്ദ്രന്‍. മാതാവ്: ശോഭ ചന്ദ്രന്‍. സഹോദരി: ശ്രീലക്ഷ്മി.