പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങി മയക്കുവെടി വച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയ പുലി ചത്തു. പുലിയുടെ ആന്തരികാവയവങ്ങൾക്ക് പ്രശ്‌നം ഉണ്ടോ എന്ന് പരിശോധിക്കാനായി പോസ്റ്റ്മോർട്ടം നടത്തും. നാളെയാണ് പോസ്റ്റ്മോർട്ടം നിശ്ചയിച്ചിരിക്കുന്നത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു. അതിനാൽ തന്നെ മരുന്ന് വളരെ കുറച്ച് മാത്രമേ പുലിയുടെ ശരീരത്തിൽ കയറിയിരുന്നുള്ളൂ.

ഏറെ നേരം കമ്പിവേലിയിൽ തൂങ്ങിക്കിടന്നതിനാൽ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. പുലിക്ക് കാലിനും വാലിനും വയറിലും കമ്പിവേലിയിൽ കുടുങ്ങി പരിക്കേറ്റിരുന്നു. ഏറെ നേരം ഇത്തരത്തിൽ കുടുങ്ങിക്കിടന്നതും തിരിച്ചടിയായി. മണ്ണാർക്കാട് മുൻപ് സമാനമായ സാഹചര്യത്തിൽ കമ്പിയിൽ കുടുങ്ങിയ പുലി മരിച്ചത് ആന്തരിക രക്തസ്രാവം മൂലമായിരുന്നു.

കാല്ലങ്കോട് വാഴപ്പുഴയ്ക്കു സമീപം ചേകോലിൽ ജനവാസ മേഖലയിലെത്തിയ പുലിയാണ് കമ്പിവേലിയിൽ കുടുങ്ങിയത്. അഞ്ച് വയസ്സോളം പ്രായം തോന്നിക്കുന്ന പുലിയാണിത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് നിഗമനം.

മയക്കുവെടി പുലിയുടെ ശരീരത്തിൽ പൂർണമായും ഏറ്റില്ലെന്നാണ് ഒരു വിഭാഗം വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കമ്പിവേലിയിൽ കുടുങ്ങിയ പുലി മണിക്കൂറുകളോളം രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാകാം ശരീരത്തിനുള്ളിൽ രക്തസ്രാവമുണ്ടായത് എന്നാണ് വിലയിരുത്തൽ.

പുലിയുടെ ഇടുപ്പിന്റെ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. പുലിക്ക് ബാഹ്യമായി സാരമുള്ള പരുക്കുകളില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. വൈകിട്ടു വരെ അസി.ഫോറസ്റ്റ് വെറ്റിനറി ഓഫിസർ ഡോ.ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ പുലിയെ നിരീക്ഷിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് പുലി ചത്തത്.

മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് ആർ.ആർ.ടി. സംഘം പുലിയെ കൂട്ടിലാക്കിയത്. പെൺപുലിയാണ് കൊല്ലങ്കോടിന് സമീപം നെന്മേനി വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയിൽ ചൊവ്വാഴ്ച രാവിലെ കുടുങ്ങിയത്.

മയക്കുവെടി വെക്കാതെ പുലിയെ പിടിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ പുലി അക്രമാസക്തയായതിനാൽ തീരുമാനം മാറ്റുകയായിരുന്നു. കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ കാണാനായി നിരവധി പേരാണ് സ്ഥലത്തെത്തിയത്. ഇവരെയെല്ലാം മാറ്റിയശേഷമാണ് ആർ.ആർ.ടി. സംഘം മയക്കുവെടി വെച്ചത്.

മയക്കുവെടി വെച്ച് പത്തുമിനുറ്റോളം നിരീക്ഷിച്ച ശേഷമാണ് ആർ.ആർ.ടി. സംഘം പുലിയുടെ അടുത്തേക്ക് നീങ്ങിയത്. തുടർന്ന് പുലിയെ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച ദൗത്യമാണ് ഉച്ചയോടെ പൂർത്തിയായത്. രണ്ട് വർഷത്തോളമായി വന്യമൃശല്യമുള്ള സ്ഥലമാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്.