കൊച്ചി: ഗുണനിലവാരം ഇല്ലാത്തതും സമയബന്ധിതമായി പൂര്‍ത്തിയാകാത്തതുമായ സോളാര്‍ എനര്‍ജി സംവിധാനം സ്ഥാപിച്ചത് സേവനത്തിലെ ന്യൂനത ആണെന്നും പരാതിക്കാരന് 8.45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം പാലാരിവട്ടം സ്വദേശി ജോയ് പീറ്റര്‍ ജയിംസ്, എറണാകുളം മഞ്ഞുമ്മല്‍ പ്രവര്‍ത്തിക്കുന്ന സഫറോണ്‍ സണ്‍ എനര്‍ജി എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.

പരാതിക്കാരന്‍ വാങ്ങിയ പുതിയ വീട്ടില്‍, സോളാര്‍ എനര്‍ജി സംവിധാനം സ്ഥാപിക്കാനായി എതിര്‍കക്ഷിയെ സമീപിച്ചു. വൈദ്യുതി ബില്‍ തുക കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. 25 വര്‍ഷം വരെ ഗ്യാരണ്ടിയും ഉന്നതമായ ഗുണനിലവാരവും പത്തുവര്‍ഷം ബാറ്ററി ഗ്യാരണ്ടിയും എതിര്‍കക്ഷി വാഗ്ദാനം ചെയ്തു. വൈദ്യുതി ബില്‍ ഗണ്യമായി കുറക്കാം എന്നും ഉറപ്പുനല്‍കി.

2021ല്‍ ഏഴര ലക്ഷം രൂപക്ക് സോളാര്‍ സ്ഥാപിക്കാന്‍ കാരാര്‍ ഉണ്ടാക്കി, എന്നാല്‍ എതിര്‍കക്ഷികള്‍ കരാറിലെ വ്യവസ്ഥകളൊന്നും പാലിച്ചില്ലെന്ന് പരാതിക്കാരന്‍ പറയുന്നു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം നിയോഗിച്ച വിദഗ്ദന്‍ സോളാര്‍ സംവിധാനം പരിശോധിക്കുകയും പരാതിക്കാരന്റെ നിലപാടിനെ ശരിവെക്കുകയും ചെയ്തു. വിദഗ്ധന്‍ സോളാര്‍ പാനല്‍ സംവിധാനത്തില്‍ നിരവധി അപാകതകള്‍ കണ്ടെത്തി.

എതിര്‍കക്ഷികള്‍ വാഗ്ദാനം ചെയ്തതുപോലെ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ പരാതിക്കാരന് ഏറെ മനക്ലേശവു സാമ്പത്തിക നഷ്ടവും ഉണ്ടായെന്ന് ഡി.ബി. ബിനു അധ്യഷനും, വി രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ കോടതിയുടെ എറണാകുളം ബഞ്ച് കണ്ടെത്തി .ഈ സാഹചര്യത്തിലാണ്. പരാതിക്കാരന്‍ നല്‍കിയ 7,55,000/ രൂപയും 75,000/ രൂപ നഷ്ടപരിഹാരവും 15,000/ രൂപ കോടതി ചെലവും 45 ദിവസത്തിനകം ഉപഭോക്താവിന് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

പരാതിക്കാരന് വേണ്ടി അഡ്വ. നെല്‍സണ്‍ ജെ. മനയില്‍ ഹാജരായി