നെടുമ്പാശ്ശേരി: യാത്രക്കാരനില്‍നിന്ന് കള്ളക്കടത്ത് സ്വര്‍ണം ഏറ്റുവാങ്ങി വിമാനത്താവളത്തിന് പുറത്തെത്തിച്ചു നല്‍കുന്ന ആരോഗ്യ വിഭാഗം ജീവനക്കാരന്‍ പിടിയില്‍. കൊച്ചി വിമാനത്താവളത്തില്‍ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷനിലെ കരാര്‍ ജീവനക്കാരനായ കൊച്ചി കുമ്പളങ്ങി സ്വദേശി ലിബിന്‍ ബോണിയാണ് പിടിയിലായത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ കൊച്ചി വിമാനത്താവളത്തിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. സ്വര്‍ണം ഇമിഗ്രേഷന്‍ വിഭാഗത്തിനു സമീപമുള്ള ശൗചാലയത്തില്‍ വെച്ചാണ് കൈമാറുന്നത്. വെള്ളിയാഴ്ച എയര്‍ അറേബ്യ വിമാനത്തില്‍ അബുദാബിയില്‍നിന്നു വന്ന ബാലു എന്ന യാത്രക്കാരനില്‍നിന്നു സ്വര്‍ണം ഏറ്റുവാങ്ങുന്നതിനിടെയാണ് ലിബിനെ ഡി.ആര്‍.ഐ. പിടികൂടിയത്. 1.400 കിലോ സ്വര്‍ണവും പിടികൂടി.

സ്വര്‍ണം മിശ്രിതരൂപത്തിലാക്കിയാണ് കടത്തി കൊണ്ടുവന്നത്. കസ്റ്റംസ് പരിശോധന ഒഴിവാക്കി സ്വര്‍ണം പുറത്തുകടത്തുന്നതിനാണ് കള്ളക്കടത്ത് സംഘം ലിബിനെ കൂട്ടുപിടിച്ചത്. ഇരുവരെയും ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്തു. സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കി.