തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചുരല്‍മല പ്രദേശങ്ങളിലെ എആര്‍ഡി 44, 46 എന്നീ റേഷന്‍ കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഓഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം പൂര്‍ണമായും സൗജന്യമായി നല്‍കുമെന്നു മന്ത്രി ജി.ആര്‍.അനില്‍. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചുരല്‍മല എന്നിവിടങ്ങളിലെ മുന്‍ഗണനേതര വിഭാഗക്കാരായ നീല, വെള്ള കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കൂടി പൂര്‍ണമായും സൗജന്യമായി റേഷന്‍ വിഹിതം നല്‍കാനാണു നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. മുന്‍ഗണനാ വിഭാഗക്കാര്‍ക്കു നിലവില്‍ സൗജന്യമായും മുന്‍ഗണനേതര വിഭാഗക്കാര്‍ക്കു ന്യായവിലയ്ക്കുമാണു റേഷന്‍ നല്‍കി വരുന്നത്.

അതേസമയം തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനു മുന്‍പായി ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉണ്ടാവും. മൃതദേഹങ്ങള്‍ക്കു പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്തു സൂക്ഷിക്കും. ഡിഎന്‍എ സാംപിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ സൂക്ഷിക്കും. ഇത്തരം മൃതദേഹങ്ങള്‍ സംബഡിച്ചുള്ള വിവരം പൊലീസ് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കണം. മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്ന സ്ഥലം മേപ്പാടി പഞ്ചായത്ത് അധികൃതരെ ജില്ലാ ഭരണകൂടം അറിയിക്കണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ 72 മണിക്കൂറിനകം സംസ്‌കരിക്കണമെന്നും നിര്‍ദേശമുണ്ട്.