പത്തനംതിട്ട: ടി.കെ റോഡില്‍ കുലശേഖരപതി ജങ്ഷനില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. കുലശേഖരപതി അലങ്കാരത്ത് വടക്കേതില്‍ ഉബൈദുള്ള ( 52)ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 11.30 നായിരുന്നു സംഭവം. ഗേറ്റ് തകര്‍ത്താണ് പിക്കപ്പ് വാന്‍ വീട്ടിലേക്ക് ഇടിച്ച് കയറിയത്. റോഡിന് സമീപത്തെ അലങ്കാരത്ത് വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുന്നില്‍ സിറ്റൗട്ടിന്റെ കൈവരിയില്‍ പിടിച്ചു നിന്ന് അവിടെ ഇരുന്നവരോട് ഉബൈദുള്ള സംസാരിച്ചു കൊണ്ടിരിക്കവെയാണ് പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടന്ന് വന്നത്.

പിക്കപ്പ് മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിക്കുകയും സിറ്റൗട്ടിന്റെ കൈവരിക്കും കാറിനും ഇടയില്‍ ഉബൈദുള്ള ഞെരിഞ്ഞുപോവുകയായിരുന്നു. പിക്കപ്പ് നിയന്ത്രണം വിട്ട് വരുന്നുന്നത് കണ്ട് സിറ്റൗട്ടില്‍ ഇരുന്ന മറ്റ് രണ്ട് പേര്‍ പെട്ടെന്ന് ഓടി മാറി. ഉബെദുള്ളക്ക് ഒഴിഞ്ഞു മാറാനുമായില്ല.

ആദ്യം റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചാണ് പിക്കപ്പ് മുറ്റത്തേക്ക് കയറിയത്. പരുക്കേറ്റ ഉബൈദിനെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുലശേഖരപതി ജങ്ഷനിലേതാണ് പിക്കപ്പ് വാന്‍. ഇവിടെയുള്ള കടയില്‍ തേങ്ങയുംമറ്റും കയറ്റികൊണ്ടു പോകുന്ന പിക്കപ്പാണിത്.

കടയിലെ തൊഴിലാളി പമ്മം സ്വദേശി ഷെമിറാണ് പിക്കപ്പ് ഓടിച്ചത്. ഇയാള്‍ക്ക് വാഹനം ഓടിച്ച് പരിചയം ഇല്ലെന്നും പറയുന്നു. പൊലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍സ്വീകരിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ആശുപത്രി മോര്‍ച്ചറിയില്‍. ഞായറാഴ്ച പോസ്റ്റ് മോര്‍ട്ടം നടക്കും. ഭാര്യ ഹസീന.മക്കള്‍: സുമയ്യ,അല്‍ഫിയ. മരുമകന്‍: അസ്‌കര്‍ അലി.