മലപ്പുറം: രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സൂചിപ്പാറയില്‍ മൂന്നു പേര്‍ കുടുങ്ങി. ഒരാളെ രക്ഷപ്പെടുത്തി. രണ്ടുപേരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരുകയാണ്. വനം വകുപ്പ്, ആംഡ് ഫോഴ്‌സ്, പോലീസ് സംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവരെ രക്ഷാപ്പെടുത്താന്‍ ശ്രമിക്കുന്നത്. എയര്‍ലിഫ്റ്റിങ് സാധ്യത പരിശോധിക്കുന്നുണ്ടെങ്കിലും ഇതിന് തടസ്സം നേരിടുന്നതായാണ് വിവരം.

പോത്തുകല്ലില്‍ ചാലിയാര്‍ പുഴ കടന്ന് വയനാട്ടിലേക്ക് പോയ മൂന്ന് യുവാക്കളാണ് വനത്തില്‍ കുടുങ്ങിയത്. പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്‌സിന്‍ എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ കുടുങ്ങിയിരിക്കുന്നത്.

ഇന്നലെയാണ് അവര്‍ സൂചിപ്പാറ മേഖലയിലേക്ക് പോയത്. ഇവിടെ അപകടഭീഷണിയുള്ള സ്ഥലമാണ്. സൂചിപ്പാറ മേഖലയില്‍ നിരവധി മൃതദേഹങ്ങളുണ്ടെന്നും അവിടെയാണ് തെരച്ചില്‍ നടത്തേണ്ടതെന്നും സംസാരിക്കുന്ന അവസരത്തില്‍ പറഞ്ഞിരുന്നു.

തിരച്ചിലിനായി എത്തിയ പ്രാദേശിക സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് സൂചിപ്പാറയില്‍ ഒന്നാം വെള്ളച്ചാട്ടത്തിനും രണ്ടാംവെള്ളച്ചാട്ടത്തിനുമിടയില്‍ കുടുങ്ങിയതെന്നാണ് വിവരം. വളരെ ശക്തമായ നീരൊഴുക്കുള്ള ഭാഗത്താണ് ഇവര്‍ കുടുങ്ങിയത്. വടം ഇറക്കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തിവരുന്നത്. നിലമ്പൂര്‍ ഭാഗത്തുനിന്നാണ് ഇവര്‍ സൂചിപ്പാറയിലേക്ക് എത്തയതെന്നാണ് നിഗമനം.