ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 272 സീറ്റിൽ കൂടുതൽ നേടില്ലെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ യോഗേന്ദ്ര യാദവ്. 'ദി വയർ' ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് ആദ്യ അഞ്ചുഘട്ട വോട്ടെടുപ്പ് അദ്ദേഹം വിലയിരുത്തുന്നത്. ബിഹാർ, യുപി, തെലങ്കാന സംസ്ഥാനങ്ങളിലും, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപിക്ക് നഷ്ടങ്ങൾ ഉണ്ടാകുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. പ്രശാന്ത് കിഷോർ പ്രവചിച്ചതിന്റെ നേരേ വിപരീതമാണ് യോഗേന്ദ്ര യാദവിന്റെ വിലയിരുത്തൽ. പ്രശാന്ത് കിഷോർ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകൾ നേടുമെന്നാണ് കണക്കുകൂട്ടിയത്.

പൊതുജനവികാരം നോക്കിയാണ് പ്രശാന്ത് കിഷോറിന്റെ വിശകലനമെങ്കിൽ, സെഫോളജിസ്റ്റായ യോഗേന്ദ്ര യാദവിന്റെ വിശകലനം, പല സംസ്ഥാനങ്ങളിലെയും ഫീൽഡ് ട്രിപ്പുകളുടെ അടിസ്ഥാനത്തിലാണ്. ബിജെപിക്ക് 2019നെക്കാൾ 50 സീറ്റ് കുറയുമെന്നാണ് യോഗേന്ദ്ര യാദവ് പറയുന്നത്. എൻഡിഎയും കേവല ഭൂരിപക്ഷത്തിലേയ്ക്ക് എത്താൻ സാധ്യതയില്ല. എൻഡിഎയ്ക്ക് 65-70 സീറ്റുകൾ കുറയുമെന്നാണ് യോഗേന്ദ്ര യാദവിന്റെ വിലയിരുത്തൽ. ബിജെപി 300നടുത്ത് സീറ്റുകൾ നേടുമെന്ന പ്രശാന്ത് കിഷോറിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു യോഗേന്ദ്രയാദവ്.

മോദിയുടെ പ്രതിച്ഛായയിൽ ഇടിവുണ്ടായി, രാമക്ഷേത്രം ചലനമുണ്ടാക്കിയില്ല, ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ട് എന്നെല്ലാം വിലയിരുത്തിയ ശേഷം ബിജെപിക്ക് 303 സീറ്റിൽ കൂടുതൽ കിട്ടുമെന്ന പ്രശാന്ത് കിഷോറിന്റെ വിലയിരുത്തലിനെയും യോഗേന്ദ്ര യാദവ് ചോദ്യം ചെയ്തു. ബംഗാളിൽ നിലവിലുള്ള സീറ്റിനെക്കാൾ നേട്ടം ബിജെപിക്ക് ഉണ്ടാകില്ലെന്നാണ് യോഗേന്ദ്ര യാദവിന്റെ വിലയിരുത്തൽ. എന്നാൽ ഒഡീഷയിൽ ബിജെപിക്ക് നിലവിലുള്ളതിനെക്കാൾ സീറ്റുകൾ കൂടുമെന്നും യോഗേന്ദ്ര യാദവ് വിലയിരുത്തി.

ബംഗാളിൽ പ്രതിപക്ഷ സഖ്യമില്ലാത്തത് ബിജെപിക്ക് നേട്ടമായേക്കുമെന്നാണ് യോഗേന്ദ്ര യാദവിന്റെ വിലയിരുത്തൽ. എന്നിരുന്നാലും, 2019ൽ നേടിയ 18 സീറ്റ് ബിജെപി നേടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശകലനം. ബംഗാളിൽ ബിജെപിക്ക് വിജയിക്കാൻ സാധിക്കുക പരമാവധി 15 സീറ്റിലാണെന്നും യോഗേന്ദ്ര യാദവ് വിലയിരുത്തി. കോൺഗ്രസ്-സിപിഐഎം സഖ്യത്തിന് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കില്ല. ബംഗാളിൽ മത്സരം തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യത്തിൽ ഒഡിഷയിൽ ബിജെപിക്ക് മുന്നറ്റമുണ്ടെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാണിച്ചു. ഒഡീഷയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജു ജനതാദൾ ഭരണം നിലനിർത്തുമെന്ന് വിശദീകരിച്ച യോഗേന്ദ്ര യാദവ് ലോക്സഭയിൽ ബിജെപി നിലവിലുള്ള എട്ട് സീറ്റികളെക്കാൾ മുന്നേറ്റമുണ്ടാക്കുമെന്നും വ്യക്തമാക്കി. ഒഡീഷയിൽ ബിജെപിക്ക് 4 സീറ്റുകൾ അധികം ലഭിക്കുമെന്നാണ് അദ്ദേഹം കണക്ക് കൂട്ടുന്നത്.

ബിജെപി 370 സീറ്റ് നേടാൻ പോകുന്നില്ലെന്ന് നേരത്തെ പ്രശാന്ത് കിഷോർ വ്യക്തമാക്കിയിരുന്നു. ഏകദേശം 300 സീറ്റുകളുടെ അടുത്ത് ബിജെപി നേടുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ബിജെപി നേട്ടമുണ്ടാക്കുമെന്നും പ്രശാന്ത് കിഷോർ വിലയിരുത്തിയിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ ഉത്തരേന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലും കുറഞ്ഞത് നൂറ് സീറ്റുകളിൽ പരാജയപ്പെടുത്തിയാൽ മാത്രമേ ബിജെപി പരാജയപ്പെടുകയുള്ളു. എന്നാൽ അത് സംഭവിക്കാൻ പോകുന്നില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു.

ബിഹാറിൽ ബിജെപിയുടെ നിലവിലെ 17 സീറ്റിൽ അഞ്ചെണ്ണം നഷ്ടപ്പെടാമെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. ഹരിയാനയിൽ 10 ൽ ആറ് പോകാം. രാജസ്ഥാനിൽ 25 ൽ 8 എണ്ണം നഷ്ടപ്പെടാം. കർണാടകയിൽ 25 ൽ 12 എണ്ണം കൈവിട്ടുപോകാം. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിലായി 10 സീറ്റും നഷ്ടപ്പെടാം.

മഹാരാഷ്ട്രയിൽ എൻഡിഎയും, ശിവസേനയും 2019 ൽ 41 സീറ്റുകൾ നേടി. ശിവസേനയുടെയും എൻസിപിയുടെയും പിളർപ്പോടെ, 20 സീറ്റുകൾ എൻഡിഎയ്ക്ക് നഷ്ടപ്പെടാം. യുപിയിലെ 80 സീറ്റിൽ. 2019 ൽ ബിജെപി 62 സീറ്റ് നേടി. ഇത്തവണ അത് 50 ആയി കുറയാം.

വ്യത്യസ്ത വിശകലനങ്ങൾ

യോഗേന്ദ്ര യാദവിനോ, പ്രശാന്ത് കിഷോറിനോ തങ്ങളുടെ വിശകലനങ്ങൾ സാധൂകരിക്കാൻ കൃത്യമായ ഡാറ്റയൊന്നുമില്ല. താനും തന്റെ ടീമും രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച് ആളുകളുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് യോഗേന്ദ്ര യാദവിന്റെ വിശകലനം. യുപി, കിഴക്കൻ രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഛത്തീസ്‌ഗഡ്, കർണാടക, ബിഹാർ സംസ്ഥാനങ്ങളിൽ തന്റെ ടീം സന്ദർശിച്ചെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. ടീം സന്ദർശിക്കാത്ത സംസ്ഥാനങ്ങളിൽ പ്രാദേശിക മാധ്യമപ്രവർത്തകരുടെ സഹായം തേടി.

പ്രശാന്ത് കിഷോർ ഏതെങ്കിലും തരത്തിൽ സർവേ നടത്തിയിട്ടില്ല. പൊതുജന വികാരം വിലയിരുത്തിയാണ് പ്രശാന്തിന്റെ പ്രവചനം.