ശ്രീനഗര്‍: കത്വ ഭീകരാക്രമണത്തിനു പിന്നിലെ ഭീകരര്‍ക്കുവേണ്ടി സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെ പൊലീസ് ചെക്ക് പോസ്റ്റിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. പൊലീസ് ശക്തമായി തിരിച്ചടിച്ചതോടെ ഭീകരര്‍ പിന്‍വാങ്ങി.

ജമ്മു കശ്മീരിലെ ഉദ്ദംപൂര്‍ ജില്ലയിലുള്ള ബസന്ത്ഗഡ് തഹ്സിലിലെ സാങ് പൊലീസ് പോസ്റ്റിലാണ് സംഭവം. സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് ജോഗീന്ദര്‍ സിങ് അറിയിച്ചു. ഈ പ്രദേശത്തു ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

പ്രദേശത്ത് സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കി. സമീപ ചെക്ക് പോസ്റ്റുകളില്‍നിന്നും കൂടുതല്‍ സേനാംഗങ്ങള്‍ തിരച്ചിലിനിറങ്ങിയിട്ടുണ്ട്. രണ്ടു മാസത്തിനിടെയുണ്ടാകുന്ന എട്ടാമത്തെ ഭീകരാക്രമണമാണിത്. അതേസമയം കത്വയില്‍ അഞ്ച് സൈനികര്‍ വീരമൃത്യുവരിച്ച ഭീകരാക്രമണത്തില്‍ പ്രദേശവാസികളായ 24 പേര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.