ദമ്മാം: സൗദി അറേബ്യയുടെ സാമൂഹ്യമാറ്റങ്ങൾക്കും, പുരോഗതിക്കും സാക്ഷിയായ രണ്ടര പതിറ്റാണ്ടു കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം ദമ്മാം മേഖലകമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീലാലിന് ഊഷ്മളമായ യാത്രയയപ്പ് നൽകി.

ദമ്മാം അൽ അബീർ ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം ശ്രീലാലിനു സമ്മാനിച്ചു.

നവയുഗം നേതാക്കളായ ജമാൽ വില്യാപ്പള്ളി, ഷാജി മതിലകം, ഗോപകുമാർ, നിസ്സാം കൊല്ലം, ബെൻസി മോഹൻ, ഷിബുകുമാർ, ഉണ്ണി മാധവം, ബിനു കുഞ്ഞു, ദാസൻ രാഘവൻ, വിനീഷ്, തമ്പാൻ നടരാജൻ, സംഗീത ടീച്ചർ, നന്ദകുമാർ, രാജൻ കായംകുളം, റഷീദ് പുനലൂർ, വർഗ്ഗീസ്, റിയാസ്, സന്തോഷ്, സുദേവൻ, ശെൽവൻ എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട ജില്ലയിലെ വഴമുട്ടം സ്വദേശിയായ ശ്രീലാൽ, കുടുംബപരമായ കാരണങ്ങളാലാണ് പ്രവാസജീവിതം അവസാനിപ്പിക്കുന്നത്. 26 വർഷമായി ദമ്മാമിലെ സാമിൽ കമ്പനിയിൽ സീനിയർ ഡ്രാഫ്റ്റ്മാൻ ആയി ജോലി നോക്കുന്ന ശ്രീലാൽ, നവയുഗം സാംസ്കാരികവേദിയുടെ രൂപീകരണകാലം മുതൽ സജീവ പ്രവർത്തകനാണ്. കേന്ദ്രകമ്മിറ്റി അംഗം, ദമ്മാം മേഖല ട്രെഷറർ എന്നിങ്ങനെ വിവിധ സംഘടന ചുമതലകൾ നിർവ്വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സംഘാടകപാടവം ഒട്ടേറെ നവയുഗത്തിന്റെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പരിപാടികളിൽ ശ്രദ്ധേയമായിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യയായ സുമി ശ്രീലാൽ നവയുഗം വായനവേദിയുടെ മുൻസെക്രട്ടറിയും, കേന്ദ്രകമ്മിറ്റി അംഗവും ആയിരുന്നു. സൂരജ് ലാൽ, ധീരജ് ലാല് എന്നിവർ മക്കൾ ആണ്.