ദമ്മാം: ജീവനക്കാർ നടത്തിയ മിന്നൽ സമരം മൂലം യാത്ര മുടങ്ങി ദുരിതം അനുഭവിച്ച എല്ലാ യാത്രക്കാർക്കും അർഹമായ നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യ എക്സ്‌പ്രസ്സ് ബാധ്യസ്ഥമാണെന്നും, അത് വാങ്ങിക്കൊടുക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെടണമെന്നും നവയുഗം സാംസ്കാരികവേദി ദെല്ല ടയോട്ട യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യാതൊരു മുന്നറിയിപ്പും ഇല്ലാതെ വിമാനങ്ങൾ അവസാനനിമിഷം റദ്ദാക്കിയപ്പോൾ ഒട്ടേറെ പ്രവാസികൾ ഏറെ കഷ്ടപ്പാടുകൾ നേരിടുകയുണ്ടായി. യാത്ര മുടങ്ങിയ കാരണം വിസ തീർന്നു ചിലരുടെ ജോലി നഷ്ടപ്പെട്ടു. അസുഖബാധിതനായ ഭർത്താവിനെ അവസാനമായി കാണാനുള്ള അവസരം ഒരു ഭാര്യക്ക് നഷ്ടമായി. യാത്രക്കാരായ പ്രവാസികൾ അനുഭവിച്ച മാനസിക വ്യഥ വളരെയധികമാണ്. ഇമ്മാതിരി സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും, യാത്രക്കാർക്ക് നിയമപരമായിത്തന്നെ അർഹമായ നഷ്ടപരിഹാരം എയർ ഇന്ത്യ എക്സ്‌പ്രസ്സ് കമ്പനി നൽകിയേ മതിയാകൂ എന്ന് നവയുഗം പ്രമേയത്തിൽ പറഞ്ഞു.

നവയുഗം ദെല്ല ടൊയോട്ട യൂണിറ്റ് ഓഫിസിൽ നിസ്സാം കൊല്ലത്തിന്റെ അധ്യക്ഷതയിൽ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം മീഡിയ കൺവീനർ ബെൻസി മോഹൻ ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, ദെല്ല മേഖല പ്രസിഡന്റ് നന്ദകുമാർ എന്നിവർ ആശംസാപ്രസംഗം നടത്തി.

നവയുഗം ദെല്ല ടൊയോട്ട യൂണിറ്റ് പ്രസിഡന്റ് ആയി നാസർ കടവിലിനെയും, വൈസ് പ്രസിഡന്റ് ആയി ജിതനെയും, സെക്രെട്ടറി ആയി സെയ്ഫ് മണലടിയെയും, ജോയിന്റ് സെക്രെട്ടറി ആയി അനസ് ജലാലിനെയും സമ്മേളനം തെരെഞ്ഞെടുത്തു.