ദമ്മാം: തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്‌മെന്റ് ഫീ ഇനത്തിൽ വൻ വർദ്ധന വരുത്തിയ നടപടി പിൻവലിക്കണമെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

ജൂലൈ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രകൾക്കുള്ള 506 രൂപ യൂസർഫീ ആണ് 770 ആയി ഉയരുന്നത്. വിദേശ യാത്രികർക്കുള്ള യൂസർ ഫീ 1069ൽ നിന്ന് 1540 ആയി ഉയർത്തിയിട്ടുണ്ട്. അടുത്ത വർഷങ്ങളിലും യൂസർ ഫീ കുത്തനെ ഉയരും.

മലയാളി പ്രവാസികൾക്ക് വൻതിരിച്ചടിയാണ് യൂസർഫീ വർദ്ധിപ്പിക്കാനുള്ള ഈ തീരുമാനം. ഇതോടെ വിമാനടിക്കറ്റുകൾക്ക് വില വർദ്ധിക്കുകയും, തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള യാത്രകൾക്ക് ചിലവേറുകയും ചെയ്യും. സീസൺ സമയത്തു വിമാനടിക്കറ്റ് നിരക്ക് തോന്നുന്ന പോലെ ഉയർത്തി വിമാനകമ്പനികൾ പ്രവാസികളെ ചൂഷണം ചെയ്യുന്നതിന് പുറമെയാണ് ഈ ഭാരവും പ്രവാസികളുടെ മേൽ വരുന്നത്.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിച്ചു അദാനി ഗ്രൂപ്പിന് വിറ്റതിന് ശേഷം, യാത്രക്കാരെ പിഴിഞ്ഞു കാശുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും, പാർക്കിങ് ഫീ മുതൽ യൂസർ ഫീ വരെ പല സമയങ്ങളിലായി വർദ്ധിപ്പിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പ് ഇങ്ങനെ യാത്രക്കാരെ പിഴിയുന്നതിന് മോദി സർക്കാർ എല്ലാ പിന്തുണയും നൽകുന്നുണ്ട്.

അദാനി ഗ്രൂപ്പിന്റെ ഈ നടപടിക്ക് എതിരെ ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും പ്രവാസലോകത്തു നിന്നും ഉയരേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.