ചെന്നൈ: ധ്രുവ് ജുറെലിന്റെ പോരാട്ടം വല്ലാതെ വൈകി പോയി. 10 പന്തിൽ 44 റൺസ് എന്ന അസാധ്യമായ ലക്ഷ്യം നേടാൻ അർദ്ധ സെഞ്ചുറി നേടിയ മധ്യനിര ബാറ്റ്‌സ്മാനും ആയില്ല. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തിൽ നടന്ന രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 36 റൺസിന് രാജസ്ഥാൻ റോയൽസിനെ കീഴടക്കി. ഇതോടെ, ഹൈദരാബാദ് തങ്ങളുടെ മൂന്നാം ഐപിഎൽ ഫൈനലിന് ടിക്കറ്റ് നേടി. ഞായറാഴ്ച ഇതേ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികൾ.

സ്‌കോർ: ഹൈദരാബാദ്: 175/9(20.0) രാജസ്ഥാൻ: 139/7(20.0)

മൂന്ന് വിക്കറ്റ് നേടിയ ഷഹ്ബാസ് അഹമ്മദ്, രണ്ട് വിക്കറ്റ് വീഴ്‌ത്തിയ അഭിഷേക് ശർമ എന്നിവരാണ് രാജസ്ഥാനെ തകർത്തത്. രാജസ്ഥാൻ നിരയിൽ ധ്രുവ് ജുറൽ (35 പന്തിൽ പുറത്താവാതെ 56), യശസ്വി ജയ്സ്വാൾ (42) എന്നിവരൊഴികെ ആർക്കും തിളങ്ങാൻ സാധിച്ചില്ല.

തുടക്കം തന്നെ രാജസ്ഥാന് പിഴച്ചു. നാലാം ഓവറിന്റെ അവസാന പന്തിൽ ടോം കോഹ്ലർ-കഡ്മോർ (16 പന്തിൽ 10) മടങ്ങി. തുടർന്നെത്തിയ സഞ്ജു സാംസൺ (10) ജയ്സ്വാൾ സഖ്യം 41 റൺസ് കൂട്ടിചേർത്തു. എന്നാൽ അധികം വൈകാതെ ഇരുവരും മടങ്ങി. ജയ്സ്വാളിനെ ഷഹ്ബാസ് പുറത്താക്കിയപ്പോൾ സഞ്ജു അഭിഷേകിന് വിക്കറ്റ് നൽകി. റിയാൻ പരാഗിന് (6) തിളങ്ങാനായതുമില്ല. ആർ അശ്വിൻ (0), ഷിംറോൺ ഹെറ്റ്മെയർ (4), റോവ്മാൻ പവൽ (6) എന്നിവർ പാടേ നിരാശപ്പെടുത്തി. ജുറലിന്റെ ഇന്നിങ്സ് പരാജയഭാരം കുറയ്ക്കാൻ മാത്രമാണ് സഹായിച്ചത്. ട്രന്റ് ബോൾട്ട് (0) ജുറലിനൊപ്പം പുറത്താവാതെ നിന്നു.

പവർപ്ലേയിൽ ട്രെൻഡ് ബൗൾട്ട് എറിഞ്ഞ മൂന്നുഓവറിൽ, മൂന്നുവിക്കറ്റുകൾ വീഴ്‌ത്തി. നേരത്തെ ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ബൗളിങ് തിരഞ്ഞെടുത്തു.പവർപ്ലേയിൽ മൂന്നുവിക്കറ്റുകൾ പോയെങ്കിലും ഹൈദരാബാദ് 11.57 സ്‌കോറിങ് റേറ്റ് നിലനിർത്തി.
എന്നാൽ, മൂന്നുവീതം വിക്കറ്റ് നേടിയ ട്രെന്റ് ബോൾട്ടും ആവേശ് ഖാനും എതിരാളികളെ പിടിച്ചുകെട്ടി. യുസ്വേന്ദ്ര ചാഹലിന്റെ മൂന്ന് ക്യാച്ചുകളും കളിയിൽ നിർണായകമായി.

ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. വിക്കറ്റ് കീപ്പർ ഹെന്റിച്ച് ക്ലാസന്റെ അർധ സെഞ്ചുറിയാണ് (34 പന്തിൽ 50) ഹൈദരാബാദിനെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. അഭിഷേക് ശർമയെ ആദ്യ ഓവറിൽത്തന്നെ ബോൾട്ട് പറഞ്ഞയച്ചതോടെ താളം പോയി. അവസാന പന്തിലാണ് അഭിഷേക് ഔട്ടായത് (5 പന്തിൽ 12).

പവർപ്ലേയിലെ തന്റെ മൂന്നാം ഓവറിൽ ബോൾട്ട് രാഹുൽ ത്രിപാഠിയെയും (15 പന്തിൽ 37) എയ്ഡൻ മാർക്രമിനെയും (1) മടക്കി അയച്ചതോടെ കാര്യങ്ങൾ രാജസ്ഥാന് അനുകൂലമായി. ഇരുവരും ചാഹലിന്റെ ക്യാച്ചിലൂടെയാണ് പുറത്തായത്. ഇതോടെ സീസണിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമായി ബോൾട്ട് മാറി (12).

ട്രാവിസ് ഹെഡ് (28 പന്തിൽ 34) പത്താം ഓവറിലാണ് പുറത്തായത്. ഹെഡ് മടങ്ങിയതിനു പിന്നാലെ റണ്ണൊഴുക്ക് കുറഞ്ഞു. 14-ാം ഓവറിൽ ആവേശ് ഖാൻ നിതീഷ് റെഡ്ഢിയെയും (10 പന്തിൽ 5) അബ്ദുൽ സമദിനെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി. ഇതോടെ 120 റൺസിന് ആറു വിക്കറ്റെന്ന നിലയിലായി ഹൈദരാബാദ്.

ഹെന്റിച്ച് ക്ലാസനും ഷഹബാസ് അഹ്‌മദും ചേർന്ന് ഏഴാം വിക്കറ്റിൽ 43 റൺസിന്റെ കൂട്ടുകെട്ടിലാണ് ടീം ഭേദപ്പെട്ട സ്‌കോറിൽ എത്തിയത്.. 19-ാം ഓവറിൽ ക്ലാസനാണ് ഏഴാമതായി പുറത്തായത് (34 പന്തിൽ 50). നാല് സിക്സ് ചേർന്നതാണ് ക്ലാസന്റെ ഇന്നിങ്സ്. പിന്നാലെ ഷഹബാസ് അഹ്‌മദ് (18 പന്തിൽ 18), ജയദേവ് ഉനദ്കട്ട് (2 പന്തിൽ 5, റണ്ണൗട്ട്) എന്നിവരും മടങ്ങി. ക്യാപ്റ്റൻ പാറ്റ് കമിൻസ് പുറത്താവാതെ അഞ്ചുറൺസ് നേടി.