മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും നടിയും മോഡലുമായ ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വേർപിരിയാൻ ഒരുങ്ങുന്നതായി അഭ്യൂഹം. നടാഷ ഇൻസ്റ്റഗ്രാം പേജിലെ തന്റെ പേരിൽനിന്നും ഹാർദികിന്റെ പേര് ഒഴിവാക്കിയതോടെയാണ് ഇരുവരും പിരിയുന്നതായുള്ള അഭ്യൂഹം ശക്തമായത്. ഹാർദികും നടാഷയും സംഭവത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. നിലവിൽ ട്വന്റി 20 ലോകക്കപ്പിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ ഹാർദിക്.

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ ഹാർദികിന് ഈ സീസണിൽ ബാറ്റിങ്ങിലോ ബൗളിങ്ങിലോ കാര്യമായി തിളങ്ങാൻ സാധിച്ചിരുന്നില്ല. 2024 ഐ.പി.എൽ. പോയന്റ് ടേബിളിൽ അവസാനക്കാരായ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. 14 കളികളിൽ നാലെണ്ണത്തിൽ മാത്രമാണ് മുംബൈ ഇന്ത്യൻസ് വിജയിച്ചത്. ഇതിനുപിന്നാലെയാണ് ഹാർദികും നടാഷയും വേർപിരിയുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നത്.

റെഡ്ഡിറ്റ് എന്ന സാമൂഹ്യമാധ്യമത്തിലൂടെയാണ് ഹാർദികും നടാഷയും വേർപിരിയുന്നു എന്ന തരത്തിൽ വാർത്ത പുറത്തുവന്നത്. ഹാർദികിന്റെ സ്വത്തിന്റെ 70% ജീവനാംശമായി നടാഷയ്ക്ക് നൽകേണ്ടിവരും എന്നിങ്ങനെ പുറത്തുവന്ന വാർത്ത മറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെയും പരക്കുകയായിരുന്നു. ഇതിനുപറമേ, റോഡിലെ സുരക്ഷാ ചിഹ്നങ്ങളുമായി ബന്ധപ്പെട്ട ചാർട്ടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് 'ഒരാൾ തെരുവിലിറങ്ങാൻ പോകുന്നു' എന്ന ക്യാപ്ഷനോടെ നടാഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയും അഭ്യൂഹത്തിന്റെ ഭാഗമായി. സ്വത്തിന്റെ 70% നടാഷയ്ക്ക് നൽകുന്നതോടെ ഹാർദിക് തെരുവിലാകും എന്നാണ് സ്റ്റോറിയുടെ അന്തരാർത്ഥം എന്ന തരത്തിലായി പിന്നീട് സാമൂഹ്യമാധ്യമങ്ങളിലെ ചർച്ച.

2020 മേയിലായിരുന്നു പാണ്ഡ്യയും സെർബിയൻ നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും വിവാഹിതരായത്. കോവിഡ് ലോക്ക്ഡൗണിനിടെയായിരുന്നു ഇരുവരും വിവാഹിതരായ കാര്യം ആരാധകരെ അറിയിച്ചത്. ഇരുവർക്കും ഒരു മകനുണ്ട്. പിന്നീട് 2023 ഫെബ്രുവരിയിൽ വിഹാഹച്ചടങ്ങുകൾ വീണ്ടും നടത്തി. ഇരുവരുടേയും കുടുംബങ്ങളും സുഹൃത്തുക്കളുമായി വലിയ ആഘോഷമായിട്ടായിരുന്നു ചടങ്ങുകൾ നടത്തിയത്.

സംഭവബഹുലമായ പ്രണയവും വിവാഹവുമായിരുന്നു ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയുടെയും നടാഷ സ്റ്റാൻകോവിക്കിന്റെയും. 2020 ജനുവരി ഒന്നിനായിരുന്നു ഇവരുടെ വിവാഹനിശ്ചയം. കോവിഡ് ലോക്‌ഡൗൺ കാലത്ത് വളരെ ലളിതമായ ചടങ്ങിൽ ഇവർ വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിന് പിന്നാലെ, ജൂലൈ മാസത്തിൽ ഇവരുടെ ആദ്യത്തെ കണ്മണിയായി ഒരു മകൻ പിറന്നു

മാർച്ച് നാലിനായിരുന്നു നടാഷയുടെ ജന്മദിനം. ആ ദിവസം ഹർദിക് ഒന്നും തന്നെ പോസ്റ്റ് ചെയ്തിരുന്നില്ല. ഹർദിക്കുമായുള്ള എല്ലാ പോസ്റ്റുകളും നടാഷ നീക്കം ചെയ്തിരിക്കുന്നു. മകൻ അഗസ്ത്യ കൂടെയുള്ള ഒരു ചിത്രമേ അവർ ഒന്നിച്ചുള്ളതായി അവശേഷിക്കുന്നുള്ളൂ.

ഐ.പി.എൽ. മത്സരത്തിൽ നടാഷയെ ഗാലറിയിൽ കാണാത്തതും അകൽച്ചയുടെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഹർദിക്കിന്റെ 'മുംബൈ ഇന്ത്യൻസ്' ടീമിനെ പിന്തുണയ്ക്കുന്ന ഒന്നും നടാഷ പോസ്റ്റ് ചെയ്യാൻ തുനിഞ്ഞില്ല. നടാഷയുടെ പോസ്റ്റുകൾക്ക് ഇപ്പോഴും ഹർദിക്കിന്റെ സഹോദരൻ കൃണാൽ പാണ്ഡ്യയും സഹോദരപത്‌നി പൻഖൂരിയും കമന്റ് ചെയ്യുന്നു.

അതേസമയം, ഇരുവരും പിരിയുന്നതായുള്ള വാർത്തകൾ തെറ്റാണെന്ന് കാണിച്ച് ഹാർദികിന്റെയും നടാഷയുടെയും ഫാൻസും രംഗത്തെത്തി. നടാഷയുടെ ഇൻസ്റ്റഗ്രാം പേജിൽ ഹാർദികും കുഞ്ഞുമായുള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോഴുമുണ്ടെന്ന് ഫാൻസ് പറയുന്നു. മാത്രമല്ല മുംബൈ ഇന്ത്യൻസിന്റെ മത്സരം കാണാൻ നടാഷ സ്റ്റേഡിയത്തിൽ എത്തിയിരുന്നതായും ഫാൻസ് ചൂണ്ടുക്കാട്ടുന്നു.

്2024 സീസണിനു മുന്നോടിയായിട്ടായിരുന്നു ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്കു തിരികെയെത്തിയത്. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായിരുന്ന പാണ്ഡ്യ, മുംബൈയിൽ ചേർന്നപ്പോഴും ക്യാപ്റ്റൻ സ്ഥാനം ലഭിച്ചു. എന്നാൽ മുംബൈയുടെ ആരാധകർ തന്നെ ക്യാപ്റ്റനെതിരെ തിരിഞ്ഞു. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽനിന്നടക്കം പാണ്ഡ്യയ്‌ക്കെതിരെ ആരാധകരുടെ കൂകിവിളികൾ ഉയർന്നു.

2024 ഐപിഎല്ലിൽ പത്താം സ്ഥാനക്കാരായ മുംബൈ 14 കളികളിൽ നാലെണ്ണം മാത്രമാണു വിജയിച്ചത്. ബാറ്റിങ്ങിലും ബോളിങ്ങിലും ക്യാപ്റ്റൻ പാണ്ഡ്യയ്ക്കു തിളങ്ങാൻ സാധിച്ചിരുന്നില്ല. ട്വന്റി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് ഹാർദിക് പാണ്ഡ്യ. ലോകകപ്പിനായി ഇന്ത്യൻ താരങ്ങൾ അടുത്ത ദിവസം തന്നെ യുഎസിലേക്കു പോകും.