ലണ്ടൻ: ലണ്ടനിലൂടെ നടക്കുന്നവർ കുത്തുകിട്ടാതെ സൂക്ഷിക്കുക. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ പതിനായിരത്തിലധികം പേരാണ് ഇവിടെ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായത്. കഴിഞ്ഞ ദിവസം ഒരു യുവാവ് കുത്തേറ്റ് മരിച്ചതിന് പിന്നാലെയാണ് ഈ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. എൻഎച്ച്എസ് ഡിജിറ്റൽ ഡാറ്റ അനുസരിച്ച് ഏപ്രിൽ 2012 മുതൽ മാർച്ച് 2021 വരെ 9255 പേരെയാണ് കുത്തേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 53 ശതമാനം പേരും 25 വയസ്സിൽ താഴെയുള്ളവരാണ്. 940 പേരാണ് 2020 -2021ൽ ആശുപത്രിയിലായത്.

ജൂൺ 2020 മുതൽ ജൂൺ 2021 വരെയുള്ള സമയത്ത് 10,362 കത്തി കുത്ത് കേസുകളാണ് ലണ്ടൻ പൊലീസ് രജിസ്റ്റർ ചെയ്തത്. ഇംഗ്ലണ്ടിലും വെയിൽസിലുമായി ഹോം ഓഫിസിന്റെ ക്രൈം ഫിഗർ അനുസരിച്ച് 47,000 ഗുരുതരമായ കത്തി കുത്ത് കേസുകൾ ഈ വർഷം ജൂൺ വരെ റിപ്പോർട്ട് ചെയ്തു. ഈ കണക്കുകൾ ഞെട്ടിക്കുന്നതാണെന്ന് പൊലീസ് വ്യക്തമാക്കി. കത്തിക്കുത്ത് ആക്രമണങ്ങൾ എൻഎച്ച്എസിനും ലണ്ടനും വലിയ തലവേദനയായി മാറിയിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. കത്തിക്കുത്ത് ആക്രമണത്തിന്റെ ഗുരുതരാവസ്ഥയെ കുറിച്ച് ചെറുപ്പക്കാരിൽ ബോധവത്ക്കരണം നൽകാനാണ് പൊലീസിന്റെ തീരുമാനം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച 20കാരനായ അലി അബുക്കർ എന്ന യുവാവ് ലണ്ടനിൽ കേേുത്തറ്റ് മരിച്ചിരുന്നു. ഒരു വൃദ്ധയായ സ്ത്രീയെ സഹായിക്കുന്നതിനിടയിലാണ് അലിക്ക് കുത്തേറ്റത്. ഇക്കഴിഞ്ഞ ഏപ്രിലിൽ അഞ്ച് അമ്മമാർ ചേർന്ന് കത്തിക്കുത്തിനതിരെ ബോധവത്ക്കരണം നടത്തിയിരുന്നു. ലണ്ടൻകാരോട് കത്തിക്കുത്തിനെതിരെ ശബ്ദം ഉയർത്താനും ഇവർ ആവശ്യപ്പെട്ടിരുന്നു. ലണ്ടനിൽ നടക്കുന്ന അഞ്ചിൽ രണ്ട് കത്തിക്കുത്തുകളിലും ഉൾപ്പെടുന്നത് യുവാക്കളാണെന്നതാണ് മറ്റൊരു പ്രധാന വസ്തുത.