മോസ്‌കോ: ബന്ധങ്ങൾക്ക് വലിയ വില കല്പിക്കുന്നവരാണെന്നാണ് നമ്മൾ സ്വയം അവകാശപ്പെടാറുള്ളത്. എന്നാൽ അതിൽ എത്രമാത്രം ശരിയുണ്ടെന്നത് ചിന്തിക്കാൻ സമയമായിരിക്കുന്നു. സ്വന്തം മാനവും കുടുംബ മഹിമയുമൊക്കെ രക്ഷിക്കാൻ അവിതത്തിൽ പിറന്ന സ്വന്തം കുഞ്ഞിനെ കൊല്ലാൻ വരെ മടിക്കാത്ത നാട്ടിലിരുന്ന് ബന്ധങ്ങളുടെ മഹത്വം നാം ഉദ്ഘോഷിക്കുമ്പോൾ, അത് യഥാർത്ഥത്തിൽ എന്താണെന്ന് നമുക്ക് പറഞ്ഞുതരികയാണ് റഷ്യയിൽ നിന്നുള്ള ഈ സംഭവം.

ഗർഭിണിയായ 13 കാരി തന്റെ ഗർഭത്തിനുത്തരവാദി 10 വയസ്സുകാരൻ കാമുകനാണെന്ന് വെളിപ്പെടുത്തിയത് വലിയൊരു വാർത്തയായിരുന്നു. വിദേശ മാധ്യമങ്ങളിൽ വരെ ഇടംപിടിച്ച വാർത്ത. ഗർഭം അലസിപ്പിക്കാൻ പക്ഷെ പെൺകുട്ടി തയ്യാറായില്ല. ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പത്തുവയസ്സുകാരനും എത്തിയതോടെ പെൺകുട്ടിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിദ്ധ്യമായ ദാര്യ സുദ്നിഷ്നികോവ എന്ന 13 കാരിയായിരുന്നു വാർത്തയിൽ ഇടം പിടിച്ചത്. ഇപ്പോൾ പുറത്തുവരുന്നത്, സ്വ്ന്തം കുഞ്ഞിനെ മാറോടടക്കിപ്പിടിച്ച് ആശുപത്രിയിൽ നിന്നും പുറത്തേക്കിറങ്ങി വരുന്ന ദാര്യയുടെ ചിത്രമാണ്. സ്നേഹം വഴിയുന്ന പുഞ്ചിരിയോടെ അവളെ പുണർന്ന് നിൽക്കുന്ന പത്തുവയസ്സുകാരൻ ഐവാനേയും ചിത്രത്തിൽ കാണാം. മാത്രമല്ല, അവരെ ഇരുകൈയും നീട്ടി സ്വീകരിച്ച് ഇരുവരുടേയും അമ്മമാരും കൂടെയുണ്ടായിരുന്നു.

അടുത്തയിടെ ഗർഭധാരണത്തെക്കുറിച്ചും വേദന നിറഞ്ഞ പ്രസവത്തേ കുറിച്ചും ദാര്യ തന്റെ 4 ലക്ഷത്തോളം വരുന്ന ഫോളോവേഴ്സിനോട് സമൂഹമാധ്യമങ്ങളിലൂടെ സംവേദിച്ചിരുന്നു. ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത് ഇത്രയും വിഷമം പിടിച്ച ഒന്നാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല എന്നാണ് അവൾ തന്റെ ആരാധകരോട് പറഞ്ഞത്. എങ്കിലും, പ്രതീക്ഷിച്ചത്ര വേദന അനുഭവിക്കേണ്ടി വന്നില്ലെന്നും അവൾ പറഞ്ഞു.

ഇപ്പോൾ 14 വയസ്സ് തികഞ്ഞ ദാര്യ, തന്റെ ഗർഭ വാർത്തയെ തുടർന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഒരു താരമായി മാറിയിരിക്കുകയാണ്. മാത്രമല്ല, പത്തു വയസ്സുകാരനായ കാമുകൻ ഐവാനാണ് തന്റെ കുഞ്ഞിന്റെ പിതാവെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ദേശീയ ചാനലുകളിലും ദാര്യ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, പത്തുവയസ്സുകാരനിൽ നിന്നും ഗർഭം ധരിക്കുക അസാധ്യമാണെന്ന് അന്നേ വിദഗ്ദർ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് തന്റെ നാടായ ഷെൽസ്നോഗോർസ്‌കിൽ വച്ച് 16 കാരനായ ഒരു ആൺകുട്ടി തന്നെ ബലാത്സംഗം ചെയ്തിരുന്നു എന്ന് ദാര്യ വെളിപ്പെടുത്തിയിരുന്നു.

ബലാത്സംഗത്തെ കുറിച്ച് പറയുവാനുള്ള വിഷമം കൊണ്ടാണ് ഐവാന്റെ പേര് പറഞ്ഞതെന്നും ദാര്യ സമ്മതിച്ചിരുന്നു. പൊലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. നവജാത ശിശുവിന്റെ ഡി എൻ എ പൊലീസ് അന്വേഷണാർത്ഥം ശേഖരിച്ചിട്ടുമുണ്ട്. പ്രായപൂർത്തി ആകാത്തതിനാൽ, പ്രസവ സമയത്ത് ഐവാനേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നില്ല. 16 വയസ്സാകുമ്പോൾ ഐവാൻ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുമെന്നാണ് അന്ന് ദാര്യ പറഞ്ഞത്. എന്നാൽ ഇനിയുള്ള തങ്ങളുടെ ബന്ധം എങ്ങനെ പോകും എന്നതിനെ ആശ്രയിച്ചായിരിക്കും എല്ലാം എന്നും അവൾ പറഞ്ഞിരുന്നു.

തന്റെ കുഞ്ഞിനെ പരിപാലിക്കുവാൻ വേണ്ടി, സ്‌കൂൾ പഠനം താത്ക്കാലികമായി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് ദാര്യ. ദാര്യയുടെ മാതാവായ എലേനയായിരിക്കും കുഞ്ഞിന്റെ രക്ഷകർത്താവ്. ഒന്നിച്ച് ഉറങ്ങിയ ഒരുദിവസം തന്റെ മകൻ ഐവാനിൽ നിന്നാണ് ഗർഭം ധരിച്ചതെന്ന് ദാര്യ വെളിപ്പെടുത്തിയ ദിവസം അത് താൻ വിശ്വസിച്ചിരുന്നു എന്ന് ഐവാന്റെ അമ്മ ഗലിന പറഞ്ഞു. റഷ്യൻ പാരമ്പര്യമനുസരിച്ച് 40 ദിവസം കഴിയാതെ കുട്ടിയുടെ മുഖം അന്യരെ കാണിക്കരുത് എന്നുള്ളതിനാൽ ഇപ്പോൾ കുഞ്ഞിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യുകയില്ലെന്ന് ദാര്യ തന്റെ ആരാധകരെ അറിയിച്ചിട്ടുമുണ്ട്.