ന്യൂഡൽഹി: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഉത്തരാഖണ്ഡിലെ ലാംഖാഗ പാസ് മേഖലയിൽ പതിനേഴ് പർവതാരോഹകരെ കാണാതായി. വ്യോമസേനയുടെ നേതൃത്വത്തിൽ കാണാതായ പർവതാരോഹകർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 11 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. ഏതാനും പേരെ രക്ഷപ്പെടുത്താനും സാധിച്ചിട്ടുണ്ട്.

ഹിമാചൽ പ്രദേശിലെ കിനാനൂർ ജില്ലയേയും ഉത്തരാഖണ്ഡിലെ ഹർസിലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന അപകടകരമായ പാതയാണ് ലാംഖാഗ പാസ്. സമുദ്രനിരപ്പിൽ നിന്ന് 17000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മേഖലയാണിത്. ഇവിടെ ട്രെക്കിങ് നടത്തുകയായിരുന്ന സംഘത്തിന് ഒക്ടോബർ 18നാണ് വഴിതെറ്റിയത്. കാണാതായവരിൽ യാത്രികരും ഗൈഡുകളും പോർട്ടർമാരും ഉൾപ്പെടുന്നു.

യാത്രികരെ കാണാതായെന്ന വിവരം ഒക്ടോബർ 20നാണ് അധികൃതർക്കും സേനയ്ക്കും ലഭിച്ചത്. പിന്നാലെ വ്യോമസേന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകൾ ഉപയോഗിച്ച് ഹർസിലിലെത്തിയാണ് തിരച്ചിൽ ആരംഭിച്ചത്. എൻഡിആർഎഫ്, ഐടിബിപി, അസ്സം റൈഫിൾസ് എന്നിവയും തിരച്ചിൽ സംഘത്തിലുണ്ട്.

പ്രദേശത്തുനിന്ന് ലഭിച്ച മൃതദേഹങ്ങൾ പൊലീസിന് കൈമാറി. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി.