തിരുവനന്തപുരം:പതിനാല് പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കേരള ഹൈക്കോടതിയിലേക്ക് നാല് പേരെയാണ് അഡീഷണൽ ജഡ്ജിമാരായി നിയമിച്ചത്. സി ജയചന്ദ്രൻ, സോഫി തോമസ്, അജിത്ത് കുമാർ, സുധ ചന്ദ്രശേഖരൻ എന്നിവർ കേരളാ ഹൈക്കോടതിയിൽ രണ്ട് വർഷത്തേക്ക് അഡീഷണൽ ജഡ്ജിമാരാകും.

ഈ വർഷം സെപ്റ്റംബർ ഒന്നിനാണ് നാല് പേരെയും കൊളീജിയം ശുപാർശ ചെയ്തത്. ഏഴ് പേരെ തെലങ്കാന ഹൈക്കോടതിയിലും മൂന്ന് പേരെ ഒഡീഷ ഹൈക്കോടതിയിലും ജഡ്ജിമാരായി നിയമിച്ചിട്ടുണ്ട്.

നേരത്തെ ജഡ്ജിമാരുടെ നിയമനം വൈകുന്ന സാഹചര്യത്തെ വിമർശിച്ച് നേരത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ രംഗത്തെത്തിയിരുന്നു. 106 ജഡ്ജിമാരുടെയും 9 ജസ്റ്റിസുമാരുടെയും നിയമനത്തിനുള്ള ശുപാർശ സർക്കാരിന്റെ കൈവശമുണ്ടെന്നും ഇത് പൂർത്തിയാകുന്നതോടെ രാജ്യത്തെ കോടതികളിൽ കെട്ടികിടക്കുന്ന കേസുകളുടെ ഒരു വലിയ ശതമാനം തീർപ്പാക്കാനാകുമെന്നും ജസ്റ്റിസ് എൻ വി രമണ അഭിപ്രായപ്പെട്ടിരുന്നു.

നീതി നടപ്പിലാക്കാനും ജനാധിപത്യം സംരക്ഷിക്കാനും സർക്കാരിന്റെ സഹകരണമുണ്ടാവണം. കൊളിജിയം നൽകിയ ശുപാർശകളിൽ എട്ട് നിയമനം മാത്രമാണ് സർക്കാർ ഇതുവരെ പൂർത്തിയാക്കിയത്. ബാക്കിയുള്ളവ ഉടൻ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും നാഷണൽ ലീഗൽ സർവീസസ് അഥോറിറ്റിയുടെ പരിപാടിയിൽ പങ്കെടുക്കവെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.