കോഴിക്കോട്: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കൗമാരക്കാരനൊപ്പം ഒളിച്ചോടി 15കാരിയായ പെൺകുട്ടി. രാവിലെ കാണാതായ പെൺകുട്ടിയെ തിരക്കിയുള്ള പൊലീസുകാർ അഞ്ചു മണിക്കൂറിന് ശേഷം ഇരുവരെയും പൊക്കി. പന്തീരങ്കാവ് പൊലീസാണ് അതിവേഗം ഒളിച്ചോട്ടക്കാരനായ കമിതാക്കളെ കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളും, റെയിൽവേ ടിക്കറ്റ് കൗണ്ടർ ഫോയിലും ഫോൺ ലൊക്കേഷനുമടക്കം എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് പൊലീസ് ഇരുവരേയും അന്വേഷിച്ച് കണ്ടെത്തിയത്.

കോഴിക്കോട് സ്വദേശിനിയായ 15കാരിയും കണ്ണൂർ സ്വദേശിയായ യുവാവിനെയുമാണ് തിങ്കളാഴ്ച ചടയമംഗലത്തുനിന്ന് പൊലീസ് കണ്ടെത്തിയത്. ഇരുവരും സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് ഒളിച്ചോടുകയാിയരുന്നു. കോഴിക്കോടുനിന്ന് കൊല്ലത്തേക്കാണ് ഇരുവരും വണ്ടി കയറിയത്. രാവിലെ അനിയത്തിയെ സ്‌കൂളിൽ കൊണ്ടുവിടാൻ പോയ പെൺകുട്ടി ഉച്ചയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് രക്ഷിതാക്കൾ വൈകീട്ട് പൊലീസിൽ പരാതിപ്പെടുന്നത്.

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. തീവണ്ടിയിൽ കയറുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെ ഇവർ കൊല്ലത്തെക്കാണ് പോയതെന്ന് മനസ്സിലായി. തുടർന്ന് കൊല്ലം പൊലീസിന്റെയും ആർ.പി.എഫിന്റെയും സഹായം തേടി.

കൊല്ലത്ത് എത്തിയ ഏറനാട് എക്സ്‌പ്രസിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. തുടർന്ന് ടിക്കറ്റെടുക്കാൻ നൽകിയ പേരിലുള്ള ഫേസ്‌ബുക്ക് അക്കൗണ്ടുകളിൽ നടത്തിയ പരിശോധനയിൽ നിരവധി നമ്പറുകൾ കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ നമ്പറിന്റെ ലൊക്കേഷൻ പിന്തുടർന്നാണ് പെൺകുട്ടിയെയും യുവാവിനെയും പിടികൂടിയത്.

ചടയമംഗലം കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിൽനിന്നാണ് ഇരുവരെയും തിങ്കളാഴ്ച രാത്രി ഒമ്പതര മണിയോടെ ചടയമംഗലം പൊലീസ് കണ്ടെത്തിയത്. ചൊവ്വാഴ്ച ഇരുവരേയും പന്തീരാങ്കാവ് സ്‌റ്റേഷനിലെത്തിച്ചു.പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ബൈജു കെ. ജോസ്, സബ് ഇൻസ്‌പെക്ടർ സി.വി. ധനഞ്ജയദാസ് എന്നിവരുൾപ്പെടെ നാലംഗ ടീമാണ് മണിക്കൂറുകൾക്കകം കാണാതായ കുട്ടിയെ കണ്ടെത്തിയത്. തുടർ നടപടികൾ ബുധനാഴ്ച ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.