ലക്‌നൗ: ലൈം​ഗികാതിക്രമത്തിന് ഇരയായ 15കാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർപ്രദേശിലെ ഹമീർപുർ ജില്ലയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സമീപവാസിയായ ആൺകുട്ടിയുടെ ലൈംഗികാതിക്രമത്തിന് ഇരയായതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തുടർച്ചയായ ശല്യം ചെയ്യലിലും ലൈംഗികാതിക്രമത്തിലും അസ്വസ്ഥയായ പെൺകുട്ടി ചൊവ്വാഴ്ച രാവിലെ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ലൈംഗികാതിക്രമം നടത്തിയ ആൺകുട്ടിയെ പെൺകുട്ടിയുടെ വീട്ടുകാർ മർദ്ദിച്ചിരുന്നു. എന്നാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ കുടുംബം തയ്യാറായില്ല. തുടർച്ചയായി കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്തതിന് പിന്നാലെയാണ് പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ആൺകുട്ടിയെ താക്കീത് നൽകി പൊലീസ് വിട്ടയച്ചു. കാൻപൂരിൽ വിദഗ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കി പെൺകുട്ടിയുടെ മൊഴി എടുത്തു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതി കിട്ടുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കുമെന്ന് ഹമീർപൂർ എസ്‌പി അറിയിച്ചു.