തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തടവുകാർക്ക് പരോൾ അനുവദിക്കുന്നു. സംസ്ഥാനത്തെ വിവിധ ജയിലുകളിലായി കഴിയുന്ന 1500 ഓളം തടവുകാർക്കാണ് ഉടൻ പരോൾ അനുവദിക്കു. ഇക്കാര്യം ജയിൽ ഡിജിപി ഋഷിരാജ് സിങ് വ്യക്തമാക്കി. 350 വിചാരണ തടവുകാർക്ക് ജാമ്യവും അനുവദിക്കും. കോവിഡ് രണ്ടാം തരംഗത്തിൽ ജയിൽ അന്തേവാസികളുടെ എണ്ണം കുറയ്ക്കാനാണ് നടപടിയെന്നും ഡിജിപി പുറത്തിറക്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാർക്കാണ് ഉടൻ പരോൾ നൽകണമെന്നും 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടാനും ഡിജിപി ഋഷിരാജ് സിങ് വിവിധ ജയിൽ മേധാവികൾക്ക് നിർദ്ദേശം നൽകി. തൊണ്ണൂറ് ദിവസത്തേക്കാണ് പരോൾ. ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവരും, സ്ഥിരം കുറ്റവാളികൾ അല്ലാത്തവർക്കുമാണ് ഇളവ് ലഭിക്കുക. 60 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്കും, 50 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും പരോൾ അനുവദിച്ചിട്ടുണ്ട്.

അതേസമയം, മയക്കുമരുന്ന്, ദേശദ്രോഹ കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ടവർക്ക് ഇളവ് ലഭ്യമാകില്ല. പരോളിൽ വിടുന്ന തടവുകാർ വീടുകളിൽ തന്നെ കഴിയണമെന്നും ജയിൽ ഡിജിപി നിർദ്ദേശം നൽകി. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ജയിൽ അന്തേവാസികളുടെ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈപ്പവർ കമ്മറ്റിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.കഴിഞ്ഞ വർഷം കോവിഡ് ഒന്നാം തരംഗത്തിലും സമാന രീതിയിൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഹൈക്കോടതി ഉത്തരവുണ്ടായാൽ 600ലധികം വിചാരണ റിമാന്റ് തടവുകാർക്ക് ജാമ്യം ലഭിച്ചേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജയിലുകളിൽ രോഗ വ്യാപനം ഉണ്ടാവാതിരിക്കാൻ ഈ നടപടികൾ സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ജയിലുകളിലെ അന്തേവാസികളുടെ എണ്ണം കുറയ്ക്കാനായി കേരള സർക്കാർ 15 ദിവസം പരോൾ അനുവദിച്ചതിനാൽ 600ഓളം തടവുകാർ അവധിയിൽ പ്രവേശിച്ചിട്ടുണ്ട്. കോവിഡ് ഒന്നാം വ്യാപന ഘട്ടത്തിൽ ബഹു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ബഹുഹൈക്കോടതി ശിക്ഷ തടവുകാർക്ക് പരോൾ, വിചാരണത്തടവുകാർക്ക് ഇടക്കാല ജാമ്യം എന്നീ ആനുകൂല്യങ്ങൾക്ക് ഉത്തരവ് നൽകുകയും 1800ഓളം തടവുകാർക്ക് പ്രയോജനം ലഭിക്കുകയും ചെയ്തിരുന്നു. ഇന്ന് സമാനമായ സുപ്രീം കോടതി ഉത്തരവുണ്ടായതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജഡ്ജ് ഉൾപ്പെടുന്ന സമിതി ഇക്കാര്യത്തിൽ പരിശോധന നടത്തി വരുന്നതായി അറിവുണ്ട്. ഹൈക്കോടതി ഉത്തരവുണ്ടായാൽ 600ലധികം വിചാരണ റിമാന്റ്തടവുകാർക്ക് ജാമ്യം ലഭിച്ചേക്കാം. ജയിലുകളിൽ രോഗ വ്യാപനം ഉണ്ടാവാതിരിക്കാൻ ഈ നടപടികൾ സഹായകരമാകും.'