തിരുവനന്തപുരം: നിപ സമ്പർക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് പുറത്തുവന്നതിൽ 5 എണ്ണം എൻ.ഐ.വി. പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ പരിശോധന ഫലം കൂടി ഇന്നലെ നെഗറ്റീവായിരുന്നു.

മരണപ്പെട്ട കുട്ടിക്ക് അല്ലാതെ മറ്റൊരാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നത് ആശ്വാസമാണ്. വൈറസ് ബാധ റിപ്പോർട്ട് ചെയ്ത അന്നുമുതൽ കോഴിക്കോട്ട് ജില്ലയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

സമഗ്രമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ആസ്‌ട്രേലിയയിൽ നിന്ന് മരുന്നെത്തിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആദ്യഘട്ടത്തിൽ തന്നെ നിർദേശങ്ങൾ നൽകിയിരുന്നു. തയ്യാറെടുപ്പുകൾ ദ്രുതഗതിയിൽ പൂർത്തിയാക്കിയത് ഗുണം ചെയ്തു. അതേസമയം ഹൈ റിസ്‌കിലുള്ളവർ നിരീക്ഷണത്തിൽ തുടരും. ഇവർ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ തുടരുകയാണ്. ഇവർക്കാർക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തത് ആശ്വാസകരമായ കാര്യമാണ്.