മസ്കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 198 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,34,524 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മൂന്ന് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ ഒമാനിലെ കോവിഡ് മരണസംഖ്യ 1532 ആയി ഉയർന്നു. ഇതുവരെ 1,26,949 പേർ രോഗമുക്തരായിട്ടുണ്ട്.

അതേസമയം ഒമാനിൽ ആറുപേർക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയതായി ഒമാൻ ആരോഗ്യമന്ത്രി ഡോക്ടർ അഹമ്മദ് മുഹമ്മദ് അൽ സൈദി പറഞ്ഞു. മസ്‌കറ്റിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി അൽ സൈദി. തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം ജനുവരി 21 ന് മുമ്പ് 51 ആയിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് ഇത് 102 രോഗികളിലെത്തിയെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് 19നെതിരായ പോരാട്ടത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. രാജ്യം തല്ക്കാലം ഒരു ലോക്ക്ഡൗൺ നടപടിയിലേക്ക് നീങ്ങുകയില്ലെന്നും മന്ത്രി ഡോക്ടർ അഹമ്മദ് മുഹമ്മദ് അൽ സൈദി വ്യക്തമാക്കി.