ചെന്നൈ: തമിഴ്‌നാട്ടിൽ ചിത്തിരെ ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും രണ്ട് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കു പറ്റിയിട്ടുണ്ട്. മധുരെയിലെ പ്രശസ്തമായ കല്ലഴഗർ ക്ഷേത്രത്തിലെ ചിത്തിരെ ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.

ഉത്സവത്തിന്റെ ഭാഗമായി കല്ലഴഗർ ദൈവത്തെ വൈഗ നദിയിലേക്ക് ആനയിക്കുന്ന ചടങ്ങിനിടെയാണ് തിക്കും തിരക്കും ഉണ്ടായത്. കൊറോണ നിയന്ത്രണങ്ങൾ നീങ്ങിയ ശേഷം നടന്ന ഉത്സവത്തിൽ വൻ ജനക്കൂട്ടം എത്തിയിരുന്നു. ഒരു മദ്ധ്യവയസ്‌കനും സ്ത്രീയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അപകടത്തിൽ ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ വിവരം അറിയിക്കാനായി മധുരൈ ജില്ലാ അധികൃതർ ഹെൽപ് ലൈൻ സേവനം ആരംഭിച്ചു. പരിക്കേറ്റവരെ മധുരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ദുഃഖം രേഖപ്പെടുത്തി.

മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ പൊതു ആശ്വാസ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റ ഒരാൾക്ക് രണ്ട് ലക്ഷം രൂപയും നൽകും. നിസാര പരിക്കുകകളുള്ള ഒരാൾക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.