പാലക്കാട് : സർക്കാരിൽ നിന്നുള്ള സബ്‌സിഡി കുടിശികയായതോടെ കുടുംബശ്രീ ഭക്ഷണശാലകളിൽ 20 രൂപയ്ക്കുള്ള ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ. സബ്‌സിഡി ലഭിക്കാത്ത ബുദ്ധിമുട്ടു കാരണം 20 രൂപ ഉച്ചഭക്ഷണം ലഭിക്കില്ലെന്നു ചില സ്ഥാപനങ്ങളിൽ അറിയിപ്പു പ്രത്യക്ഷപ്പെട്ടെങ്കിലും കുടുംബശ്രീ അധികൃതരെത്തി ചർച്ച നടത്തി. ഒരു ഊണിനു 10 രൂപയാണ് സബ്‌സിഡി ലഭിക്കുന്നത്.

ഈ തുക മാസങ്ങളായി കുടിശികയാണെന്നു നടത്തിപ്പുകാർ പറയുന്നു. കുടുംബശ്രീ മുഖേനയാണു ജനകീയ ഭക്ഷണശാലകൾക്ക് സബ്‌സിഡി ലഭിക്കുന്നത്. സബ്‌സിഡി ലഭിച്ചുതുടങ്ങിയാൽ ഊണ് തടസ്സമില്ലാതെ നൽകാമെന്നാണ് നടത്തിപ്പുകാർ കുടുംബശ്രീ അധികൃതരെ അറിയിച്ചിട്ടുള്ളത്. സംസ്ഥാനമൊട്ടാകെ ഇതേ പ്രതിസന്ധി അനുഭവപ്പെടുന്നുണ്ട്.

വ്യാപാര ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 2000 രൂപയിലേറെ നൽകേണ്ടിവരുന്നതും പച്ചക്കറിക്ക് അടക്കമുള്ള വിലക്കൂടുതലും കാരണം പിടിച്ചുനിൽക്കാനാകുന്നില്ലെന്ന് കുടുംബശ്രീ ജനകീയ ഹോട്ടലുകാർ അധികൃതരെ അറിയിച്ചിട്ടുണ്ട്.