തിരുവനന്തപുരം: കേരളത്തിലെ ടെലിവിഷൻ ചാനലുകളിൽ മുൻപന്തിയിൽ നിൽക്കുമ്പോഴും റേറ്റിങ്ങിൽ മുന്നോട്ട് കുതിക്കുമ്പോഴും വിവാദങ്ങളോഴിയാതെ ഫ്‌ളവേഴ്‌സ് ടിവിയും 24 ന്യുസും ശ്രീകണ്ഠൻ നായരും. ഫ്ളവേഴ്സ് ചാനലിൽ ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന ക്വിസ് പ്രോഗ്രാമും അതിലെ ചോദ്യവുമാണ് ഇപ്പോൾ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

പരിപാടിയിലെ ഇക്കഴിഞ്ഞ വാരം സംപ്രേഷണം ചെയ്ത ഒരു എപ്പിസോഡിൽ ചോദിച്ച ഒരു ചോദ്യം മഹാഭാരതത്തെയും ഇന്ത്യൻ സംസ്‌ക്കാരത്തെയും അവഹേളിക്കുന്ന തരത്തിലാണെന്നുകാണിച്ചാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വ്യാപക വിമർശനം ഉയർന്നത്. ഒടുവിൽ പ്രതിഷേധം കനത്തതോടെ മറ്റൊരു എപ്പിസോഡിൽ മാപ്പ്പറഞ്ഞ് ശ്രീകണ്ഠൻ നായർ തടിയുരുകയും ചെയ്തു. സോഷ്യൽ മീഡിയ വലിയ കടന്നാക്രമണമാണ് ചാനലിനെതിരെ നടത്തിയത്. ശബരിമല ചെമ്പോല വിവാദത്തിൽ കുടുങ്ങിയ ചാനൽ ഗ്രൂപ്പ് ഉടൻ ഖേദ പ്രകടനവും നടത്തി.

പ്രശസ്ത കവി മുരുകൻ കാട്ടാക്കട അതിഥിയായെത്തിയ ഒരു എപ്പിസോഡിലായിരുന്നു വിവാദത്തിന് ഇടയാക്കിയ സംഭവം. മത്സരത്തിനിടെ ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു കവി ഭാവനയിൽ ഭീമനൊപ്പം ബീഡി വലിച്ചിരുന്നത് ആരാണ്.. ഉത്തരത്തിന് ഓപ്ഷനുകൾ നൽകിയത് ദുര്യോധനൻ, സീത, അർജ്ജുനൻ, ഗുരുവായുരപ്പൻ, യുധിഷ്ഠിരൻ എന്നിങ്ങനെയാണ്. ഇതാണ് വിവാദത്തിലേക്ക് വഴിവെച്ചത്. ഓപ്ഷനിൽ ഗുരുവായുരപ്പനെ ഉൾപ്പെടുത്തിയതാണ് കൂടുതൽ പേരെയും ചൊടിപ്പിച്ചത്. ഒപ്പം ചോദ്യവും മഹാഭാരതത്തെയും നമ്മുടെ സംസക്കാരത്തെയും അവഹേളിക്കുന്നതാണെന്നും വിമർശനം ശക്തമായി.

വിഷയത്തിൽ ചാനലിനെയും ശ്രീകണ്ഠൻ നായരയെും വിമർശിച്ച് സ്വാമി ഉദീത് ചൈതന്യയും രംഗത്ത് വന്നു. ശക്തമായ ഭാഷയിലാണ് വിഡിയോയിലുടെ അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.ചോദ്യം കേട്ടപ്പോൾ അവതാരകനോടും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോടും അങ്ങേയറ്റം ദുഃഖം തോന്നി. കാരണം ഭാരത്തത്തിന്റെ ചിരപുരാതനമായ സംസ്‌കാരത്തെയാണ് ഇത്തരക്കാർ അപമാനിക്കുന്നതെന്ന് അവർ അറിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.മഹാഭാരതത്തെ വെല്ലുവിളിക്കാൻ പോകുന്ന ഒരു കൃതിയും ഇന്നുവരെ ലോകത്ത് ഉണ്ടായിട്ടില്ല.ഭീമനെ യഥാർത്ഥത്തിൽ മനസിലാക്കിയിരുന്നുവെങ്കിൽ ഇത്തരമൊരു ചോദ്യം പോലും അവർ ഉൾപ്പെടുത്തുമായിരുന്നില്ല.സ്ത്രീയെ അപമാനിച്ചവന്റെ മാറ് പിളർന്ന് പ്രതികാരം ചെയ്തയാളാണ് ഭീമൻ.അല്ലാതെ ബീഡി വലിച്ച് അനന്ദം കണ്ടെത്തുന്ന ഭീരുവല്ല.

നിങ്ങൾ ശരിയായ ഭീമനെ അവതരിപ്പിക്കാൻ തയ്യാറായാൽ ഈ സമൂഹം മാറിമറിയും അതാണ് എനിക്ക് ഇവരോട് പറയാനുള്ളത്.എന്തിനാണ് ഗുരുവായുരപ്പൻ എന്ന പേര് എടുത്ത് പ്രയോഗിച്ചതെന്നും അദ്ദേഹം ചോദിച്ചു.നിങ്ങൾ ഇങ്ങനെ സ്വയം അപഹാസ്യരാവരുതെന്നും നമ്മൾ ഒന്നടങ്കം ഇതിനെ അപലപിക്കണമെന്നും അദ്ദേഹം പറഞ്ഞു.സ്വന്തം സംസ്‌കൃതിയെ ചവിട്ടിത്താഴ്‌ത്തുന്നത് അവനവന്റെ പാരമ്പര്യത്തെയും നിന്ദിക്കുന്നതിന് തുല്യമാണ്.സ്വന്തം മുഖത്ത് തുപ്പുന്നതിന് തുല്യമായ പ്രവൃത്തിയാണ് ഇവർ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഉദീത് ചൈതന്യയുടെ വീഡിയോ ഏറ്റെടുത്തും പങ്കുവെച്ചും നിരവധി പേരാണ് 24 നും ഫ്ളവേഴ്സിനും ശ്രീകണ്ഠൻ നായർക്കുമെതിരെ പ്രതിഷേധം കടുപ്പിച്ചത്.സംഭവം കൈവിട്ടതോടെ പരിപാടിയുടെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ അവതാരകൻ കൂടിയായ ശ്രീകണ്ഠൻ നായർ ക്ഷമ ചോദിച്ച് മാപ്പുപറയുകയും ചെയ്തു.ശ്രീകണഠൻ നായർ മാപ്പ് പറഞ്ഞ് വിഷയം അവസാനിപ്പിക്കുമ്പോഴും എന്തുകൊണ്ട് ഹിന്ദുദൈവങ്ങൾ മാത്രം നിരന്തരം വിമർശനങ്ങൾക്കും അവഹേളനങ്ങൾക്കും പാത്രമാകുന്നുവെന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.