ന്യൂഡൽഹി; ഈ റോമാ നഗരം ഒരു ദിനം കൊണ്ട് നിർമ്മിച്ചതല്ല...... തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അങ്ങ് തെറിക്കട്ടേ..... ഇതാണ് ശ്രീകണ്ഠൻനായർക്ക് പറയാനുള്ളത്. ഒപ്പം ആത്മകഥാ രചനയുടെ വിശദാംശങ്ങളും. ശബരിമല ചെമ്പോലയില് കേസും വിവാദവും ആയതോടെ ഏഷ്യാനെറ്റ് ന്യൂസിനെതിരെ വെടിപൊട്ടിച്ച് പിടിച്ചു നിൽക്കാനായിരുന്നു ശ്രീകണ്ഠൻനായരുടെ നീക്കം. ഇന്നാൽ ഇന്ന് വളരെ പോസിറ്റീവായ ശ്രീകണ്ഠൻ നായർ 24 ന്യൂസിൽ എത്തി. ഒപ്പം ആത്മകഥയുടെ ബ്ലോഗിൽ പ്രഖ്യാപനവും. നവംബർ 1 മുതൽ 38 കൊല്ലത്തെ മാധ്യമാനുഭവം ശ്രീകണ്ഠൻ നായർ പ്രസിദ്ധപ്പെടുത്തി തുടങ്ങും. 

ഒരു ടിവി അവതാരകന്റെ കുമ്പസാരമെന്നാകും ആത്മകഥയുടെ പേര്. 30 കൊല്ലത്തെ യാത്രയ്ക്കിടെ കണ്ട കൊട്ടാര വിപ്ലവങ്ങളും മാധ്യമ ഗൂഢാലോചനയും എല്ലാം എഴുതുമെന്ന് പറയുന്നു. എന്നാൽ എല്ലാം എഴുതാനാകുമോ എന്ന് ഉറപ്പില്ലെന്ന സമ്മതവും. മാധ്യമ രംഗത്തെ കള്ളനാണയങ്ങളെ തുറന്ന് കാണിക്കുന്നതാകും തന്റെ ആത്മകഥാ ബ്ലോഗെന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്. സത്യമേ എഴുതൂവെന്നും കൂട്ടി ചേർത്തു. ബ്ലോഗിൽ എഴുന്ന ആത്മകഥ പിന്നീട് പുസ്തക രൂപത്തിലാക്കുമെന്നും ശ്രീകണ്ഠൻ നായർ ഷോയിൽ വിശദീകരിച്ചിട്ടുണ്ട്. സങ്കീർണ്ണതയുണ്ടാക്കൽ അല്ല ലക്ഷ്യമെന്നാണ് പറയുന്നത്. കണ്ടു മുട്ടിയ കള്ളനാണയങ്ങളെ തുറന്നു കാണിക്കുമെന്ന് പറയുന്ന ആത്മകഥ കേരള പിറവി ദിനത്തിൽ എത്തും. ഇപ്പോഴാണ് അതിന് സമയം കിട്ടിയതെന്നും ശ്രീകണ്ഠൻ നായർ പറയുന്നു.

1984 നവംബർ 27നാണ് താൻ മാധ്യമ പ്രവർത്തനം തുടങ്ങിയത്. അതിന് മുമ്പ് അച്ഛൻ റേഷൻ കടയിൽ കണക്കെഴുതാൻ ഇരുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇന്നത്തെ ഷോയിൽ ശ്രീകണ്ഠൻ നായർ പറഞ്ഞിരുന്നു. അന്ന് എല്ലാ സഹായവും ചെയ്ത വ്യക്തിയുടെ ചരമവാർത്തയും അവതരിപ്പിച്ചാണ് ജീവിത പ്രാരാബ്ദങ്ങൾ വിശദീകരിച്ചത്. അതിന് ശേഷം നാടകീയമായാണ് മാധ്യമ ലോകത്തെ കള്ളനാണയങ്ങളെ തുറന്നു കാണിക്കാനുള്ള ആത്മകഥാ പ്രഖ്യാപനം വരുന്നത്. ഇന്നത്തെ ഷോയിലും ശബരിമല ചെമ്പോലയിലെ വിവാദങ്ങൾ ശ്രീകണ്ഠൻ നായർ വിട്ടുകളയുകയും ചെയ്തു.

ശബരിമലയിലെ ചെമ്പോല വിവാദം 24 ന്യൂസിനെ വെട്ടിലാക്കിയിരുന്നു. മുട്ടിൽ മരം മുറിയിൽ ദീപക് ധർമ്മടവും മോൻസൺ മാവുങ്കൽ കേസിൽ സഹീൻ ആന്റണിയും പെട്ടത് വിവാദമായിരുന്നു. ഈ വിവാദങ്ങളിൽ ഉഴലുന്ന 24 ന്യൂസിന്റെ ഇമേജ് തിരിച്ചു പിടിക്കാൻ കൂടിയാണ് ശ്രീകണ്ഠൻ നായരുടെ ആത്മകഥാ എഴുത്തെന്നാണ് സൂചന. പുരാവസ്തു തട്ടിപ്പ് കേസിൽ മോൺസൻ മാവുങ്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തു വന്നിരുന്നു.

മോൺസൻ നേരത്തെ ശബരിമല ആചാരവുമായ ബന്ധപ്പെട്ട പന്തളം കൊട്ടാരത്തിന്റെ രേഖയെന്ന് പ്രചരിപ്പിച്ച ചെമ്പോല ആണ് വ്യാജമാണെന്ന് പറയുന്നത്. തൃശൂർ ടൗണിന് അടുത്തായുള്ള വീട്ടിൽ നിന്ന് സിനിമയിലെ ആവശ്യത്തിനായിട്ടാണ് ഈ ചെമ്പോല വാങ്ങിയതെന്നും മോൺസന്റെ സുഹൃത്ത് സന്തോഷ് വെളിപ്പെടുത്തി. ഇതിൽ സംസ്‌കൃതത്തിലോ പഴയ മലയാളം ലിപിയിലോ ഉള്ള എഴുത്തായിരുന്നു. വായിക്കാൻ അറിയാത്തതുകൊണ്ട് ഇതിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് മനസ്സിലായില്ല എന്ന് സന്തോഷ് പറയുന്നു.

മോൻസൻ പക്ഷേ ഇത് കണ്ട് താൽപര്യം പ്രകടിപ്പിച്ചിരുന്നു. അങ്ങനെയാണ് ഞാൻ കൊടുത്തത്. ചെമ്പോല പിന്നീട് പുരാവസ്തു വിദഗ്ധരെ വരെ കാണിച്ചിരുന്നുവെന്നും മോൻസൻ തന്നോട് പറഞ്ഞിരുന്നു. ഇതൊന്നും സത്യമാണോ എന്നൊന്നും അറിയില്ല. പിന്നീടാണ് ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയാണെന്ന് മോൻസൻ അവകാശവാദം നടത്തിയത്. ഇക്കാര്യം വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും സന്തോഷ് പറഞ്ഞു. അതേസമയം നേരത്തെ തന്നെ പന്തളം കൊട്ടാരം ഇക്കാര്യത്തിൽ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശബരിമല വിഷയത്തിലേക്ക് ഇതിനെ കൊണ്ടുവന്നത് പ്രചാരണത്തിന് വേണ്ടി മാത്രമാകാനാണ് സാധ്യത. പല മാധ്യമങ്ങളും ഇത് രേഖയാണെന്ന് കാണിച്ച് വാർത്ത നൽകിയിരുന്നു. പക്ഷേ ഇത് വലിയ ചർച്ചയായതിനാൽ മോൻസനെതിരെ വേറെയും കേസുകൾ വരാനാണ് സാധ്യത. ജാതീയ സ്പർധ ഹിന്ദുക്കൾക്കിടയിൽ ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കാണിച്ച് പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ ശ്രീകണ്ഠൻ നായരെ ഒന്നാം പ്രതിയാക്കണമെന്നതാണ് ആവശ്യം.