കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാനെ ഭീഷണിപ്പെടുത്തിയ 25 കാരൻ അറസ്റ്റിൽ. കഴിഞ്ഞ രണ്ടു മാസമായി പണം ആവശ്യപ്പെട്ട് യുവാവ് ഹസിൻ ജഹാനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേതുടർന്ന് ഹസിൻ ജഹാൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഹസിന്റെ പരാതിയെ തുടർന്ന് കാനിങ് സ്റ്റേഷൻ റോഡ് പരിസരത്തുനിന്നാണു യുവാവിനെ പിടികൂടിയത്.

ഹസിൻ ജഹാന്റെ വീട്ടിലെ ജോലിക്കാരിയാണ് പണം ആവശ്യപ്പെട്ട് ആദ്യം വിളിച്ചത്. പിന്നീട് ഇവരുടെ മകനാണെന്നു പറഞ്ഞ് ഒരാൾ വിളിക്കാൻ തുടങ്ങി. പണം നൽകിയില്ലെങ്കിൽ ഹസിൻ ജഹാന്റെ സ്വകാര്യ ചിത്രങ്ങൾ, മൊബൈൽ ഫോൺ നമ്പരുകൾ‌ എന്നിവ സമൂഹമാധ്യമത്തിൽ ഇടുമെന്നായിരുന്നു ഭീഷണി. ഇയാൾ ഹസിൻ ജഹാനെ അധിക്ഷേപിച്ചതായും പരാതിയിലുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു. ആദ്യം യുവാവിന്റെ ആവശ്യത്തോട് പ്രതികരിക്കാതിരുന്ന ഹസിൻ ജഹാൻ ഭീഷണി പതിവായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നവംബർ 22ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭീഷണി സന്ദേശങ്ങൾ എത്തിയ ഫോൺ നമ്പരുകൾ പരിശോധിച്ച പൊലീസ് ചൊവ്വാഴ്ച രാത്രി യുവാവിനെ പിടികൂടി. വീട്ടുജോലിക്കാരിയായിരുന്ന സ്ത്രീയെ കണ്ടെത്താനും പൊലീസ് നീക്കം തുടങ്ങി.

ഹസിനും ഷമിയും വേർപിരിഞ്ഞു താമസിക്കാൻ തുടങ്ങിയ ശേഷം പലതവണ അവർ വിവാദങ്ങളിൽ പെട്ടിരുന്നു.ഷമിക്കെതിരെ പൊലീസിൽ പരാതി നൽകിയ ഹസിൻ അയോധ്യ രാമക്ഷേത്ര വിഷയത്തിൽ പ്രതികരിച്ചും വാർത്തകളിൽ ഇടം നേടി. രാമക്ഷേത്ര വിഷയത്തിൽ പ്രതികരിച്ചതിനെ തുടർന്ന് ഹസിനെതിരെ സമൂഹമാധ്യമങ്ങളിൽ വധഭീഷണി ഉയർന്നിരുന്നു. കൊൽക്കത്ത പൊലീസ് സുരക്ഷ നൽകുന്നില്ലെന്ന പരാതിയുമായി ഹസിൻ കോടതിയെ സമീപിച്ചിട്ടുമുണ്ട്.

കുറേക്കാലമായി മുഹമ്മദ് ഛമിയുമായി അകന്നു കഴിയുകയാണ് ഹസിൻ ജഹാൻ. കഴിഞ്ഞ വർഷം മാർച്ചിൽ ഷമിക്കെതിരെ ആരോപണങ്ങളുമായി ഹസിൻ ജഹാൻ രംഗത്തെത്തിയിരുന്നു. പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയും അടക്കം നിരവധി ആരോപണങ്ങളും ഹസിൻ ജഹാൻ ഉന്നയിക്കുകയും സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയുമായിരുന്നു. ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ മർദ്ദിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നുമായിരുന്നു ഹസിന്റെ പരാതി. ഷമിയുടെ കുടുംബത്തിനെതിരേയും ഹസിൻ ആരോപണം ഉന്നയിച്ചിരുന്നു.

അഞ്ചുവർഷം നീണ്ടു നിന്ന പ്രണയത്തിനു ശേഷമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചിയർഗേളും മോഡലുമായിരുന്ന ഹസിൻ ജഹാനെ 2014 ൽ ക്രിക്കറ്റ് താരം ഷമി വിവാഹം കഴിക്കുന്നത്. 2014 ൽ വിവാഹിതയാകുമ്പോൾ വിവാഹമോചിതയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായിരുന്നു ഹസിൻ ജഹാൻ. എന്നാൽ ഹസിൻ ജഹാന്റെ ആദ്യ വിവാഹത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ഇക്കാര്യങ്ങൾ തന്നിൽ നിന്ന് ബോധപൂർവ്വം ഹസിൻ ജഹാൻ മറച്ചുവെച്ചതായും മുഹമ്മദ് ഷമി ആരോപിച്ചിരുന്നു. ഷമിക്കെതിരെ ഗാർഹിക പീഡനവും അവിഹിത ബന്ധവും ആരോപിച്ച് ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയതിന് തൊട്ടുപിന്നാലെ ഫേസ്‌ബുക്കിൽ അക്കൗണ്ടിൽ ഷമി നടത്തിയ രഹസ്യചാറ്റിന്റെ സ്‌ക്രീൻഷോട്ടും ഫോട്ടോകളും പുറത്തുവിട്ടിരുന്നു.