ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ നൂറ് കോടി എന്ന നാഴികക്കല്ല് പിന്നിട്ടതിന് പിന്നാലെ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രസർക്കാർ. വാക്സിനേഷൻ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ബുധനാഴ്ച സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചത്.

കഴിഞ്ഞദിവസമാണ് കോവിഡ് വാക്സിനേഷൻ രംഗത്ത് നൂറ് കോടി എന്ന ചരിത്ര നേട്ടം ഇന്ത്യ കൈവരിച്ചത്. ഇതിന് പിന്നാലെയാണ് വാക്സിനേഷൻ കൂടുതൽ വേഗത്തിലാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി യോഗം വിളിച്ചത്. നിലവിൽ വാക്സിൻ ആവശ്യത്തിന് ഉണ്ടായിട്ടും രണ്ടാമത്തെ ഡോസ് എടുക്കാൻ അർഹതയുള്ള കോടിക്കണക്കിന് ആളുകൾ ഇതിന് തയ്യാറാവാത്തതിൽ കേന്ദ്രത്തിന് ഉത്കണ്ഠ ഉണ്ട്. ഏകദേശം ഇത്തരത്തിൽ 11 കോടി ആളുകൾ രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കാൻ ഉണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ. ഇവരെ കൊണ്ട് എത്രയും വേഗം വാക്സിൻ എടുപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗം.

വാക്സിനേഷൻ ഒരു ദൗത്യമായി കണ്ട് എല്ലാവരെയും കൊണ്ട് കുത്തിവെയ്പ് എടുപ്പിക്കാൻ സംസ്ഥാനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചത്. എല്ലാവർക്കും വാക്സിൻ എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം നിറവേറ്റാൻ വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകും.