തൃശൂർ: ചാവക്കാട് ഒരുമനയൂർ കഴുത്താക്കലിൽ മൂന്നു വിദ്യാർത്ഥികൾ ചെമ്മീൻകെട്ടിൽ മുങ്ങിമരിച്ചു. ഒരുമനയൂർ സ്വദേശികളായ സൂര്യ (16) മുഹ്‌സിൻ (16), വരുൺ (16) എന്നിവരാണ് മരിച്ചത്. രണ്ടു കുട്ടികൾ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.

അഞ്ച് കുട്ടികൾ ചേർന്നു ചെമ്മീൻകെട്ടിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.ഒരുമനയൂർ കഴുത്താക്കലിലാണ് സംഭവം. സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനായി കായലിൽ ഇറങ്ങി, മൂന്ന് പേർ ചളിയിൽപ്പെട്ടു.ഇത് കണ്ട് പേടിച്ച മറ്റ് രണ്ട് കുട്ടികൾ ഓടി വീട്ടിലേക്ക് പോയി, പേടിച്ചുപോയ ഇവർ വിവരം ആരോടും പറഞ്ഞില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ സ്ഥലത്തേക്ക് എത്തുകയായിരുന്നു.

ഇവർ എത്തിയപ്പോഴേക്കും കുട്ടികൾ പൂർണമായും മുങ്ങിതാഴ്ന്നിരുന്നു. ഉടൻ ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.