ന്യൂഡൽഹി: കേരളത്തിന് മൂന്ന് പുതിയ മിനി ഭക്ഷ്യസംസ്‌കരണ പാർക്കുകൂടി അനുവദിക്കാമെന്ന് കേന്ദ്ര ഭക്ഷ്യസംസ്‌കരണ മന്ത്രി പശുപതിനാഥ് പരസ് ഉറപ്പുനൽകിയെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. 10 ഏക്കറിൽതാഴെ സ്ഥലം മതിയാകും. നേരത്തേ അനുവദിച്ച ചേർത്തലയിലെ സീഫുഡ് പാർക്കിന്റെ ഉദ്ഘാടനം ജനുവരിയിലുണ്ടാകും. കേന്ദ്ര മന്ത്രിയുമെത്തും. ഭക്ഷ്യസംസ്‌കരണ മേഖലയ്ക്കായി ഒരു ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടു. സാറ്റലൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിൽ അനുവദിക്കാമെന്ന് അറിയിച്ചു.

കേരളം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ള പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിന് സംസ്ഥാന സർക്കാർ സൗജന്യമായി നൽകിയ ഭൂമിക്ക് മാർക്കറ്റ് വില നൽകണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും പുനഃപരിശോധിക്കണമെന്നും ഘനവ്യവസായ മന്ത്രി മഹേന്ദ്രനാഥ് പാണ്ഡെയെ അറിയിച്ചു.

കണ്ണൂർ കൈത്തറി ഗ്രാമം കേന്ദ്ര- സംസ്ഥാന സഹകരണത്തിൽ വികസിപ്പിക്കുന്നത് ടെക്സ്റ്റൈൽ മന്ത്രി പീയുഷ് ഗോയലുമായി ചർച്ച നടത്തി. ജിയോടാഗ് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു.കേരളത്തിനെ ഇലക്ട്രോണിക്സ് ഘടക നിർമ്മാണ കേന്ദ്രമാക്കി മാറ്റുന്നതിനായുള്ള പദ്ധതി ഐടി- ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ചർച്ച ചെയ്തെന്നും മന്ത്രി അറിയിച്ചു.