ന്യൂഡൽഹി: ഇന്ത്യൻ നാവികസേന ഓർഡർ ചെയ്ത 41 അന്തർവാഹിനികളിൽ 39 എണ്ണവും നിർമ്മിച്ചത് ഇന്ത്യൻ ഷിപ്പ്യാഡിൽ. 'ആത്മ നിർഭാർ ഭാരത്' എന്ന നാവികസേനയുടെ പ്രതിബദ്ധതയുടെ തെളിവാണിതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യൻ നാവികസേനയുടെ കമാൻഡർ തല സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രപ്രതിരോധ മന്ത്രി.

2021 ലെ നാവിക കമാൻഡേഴ്‌സ് കോൺഫറൻസിന്റെ രണ്ടാം പതിപ്പിന് തിങ്കളാഴ്ചയാണ് ന്യൂഡൽഹിയിൽ തുടക്കമായത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടന ചെയ്തു.

ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങൾ അടിക്കടി മാറിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക താൽപര്യങ്ങൾ ചില ബന്ധങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കാം. അതുകൊണ്ടു തന്നെ ഇന്ത്യൻ സമുദ്രമേഖലയിൽ സമാധാനവും സ്ഥിരതയും പുലർത്തേണ്ടത് ആവശ്യമാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ശക്തമായ നാവികസേനയുള്ള രാജ്യങ്ങൾക്ക് മാത്രമാണ് ലോകത്ത് ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞത്. ദേശീയ സുരക്ഷയിലും സമുദ്രസുരക്ഷയിലും ഇന്ത്യൻ നാവികസേന നിർണായക പങ്കാണ് വഹിക്കുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു.

''നാവികസേന ഓർഡർ ചെയ്ത 41 അന്തർവാഹിനികളിൽ 39 എണ്ണം ഇന്ത്യൻ കപ്പൽശാലകളിൽ നിന്നാണെന്ന് അറിയുന്നത് വളരെ അഭിമാനകരമാണ്. 'ആത്മ നിർഭാർ ഭാരത്' എന്ന നാവികസേനയുടെ പ്രതിബദ്ധതയുടെ തെളിവാണിത്. ഇതുവരെ നേടിയ വിജയത്തിന്റെ വേഗത നിലനിർത്തേണ്ടത് പ്രധാനമാണ്, സർക്കാർ സ്വീകരിച്ച നടപടികൾ അതിന് കൂടുതൽ ശക്തി നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്...'' - രാജ്‌നാഥ് സിങ് പറഞ്ഞു.



ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ 'ആത്മ നിർഭാർ ഭാരത്' എന്ന വീക്ഷണത്തിന് അനുസൃതമായി, നമ്മുടെ നാവികസേന സ്വാശ്രയ, കപ്പൽ നിർമ്മാണത്തിൽ സ്വദേശിവൽക്കരണം, അന്തർവാഹിനികളുടെ നിർമ്മാണം തുടങ്ങിയവയിൽ മുൻപന്തിയിലാണ് എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ മഹാ സമുദ്രപാതയിലെ ഒരു പ്രധാന രാജ്യം എന്ന നിലയിൽ ഈ മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നമ്മുടെ നാവികസേനയുടെ പങ്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം ഈ ഉത്തരവാദിത്തങ്ങൾ നാവികസേന ഫലപ്രദമായി നിർവഹിക്കുന്നതിലെ സന്തോഷം അറിയിക്കുകയും ചെയ്തു.

പ്രധാന പ്രവർത്തനം, മെറ്റീരിയൽ, ലോജിസ്റ്റിക്‌സ്, ഹ്യൂമൻ റിസോഴ്‌സ് ഡവലപ്‌മെന്റ്, പരിശീലനം, അഡ്‌മിനിസ്‌ട്രേറ്റീവ് പ്രവർത്തനങ്ങൾ എന്നിവ അവലോകനം ചെയ്യുന്നതിനായി ഇന്ത്യൻ നാവികസേനയുടെ എല്ലാ പ്രവർത്തന, ഏരിയ കമാൻഡർമാരും കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്.

നാവികസേനാ മേധാവി അഡ്‌മിറൽ കരംബീർ സിംഗും മറ്റ് ഉന്നത നാവികസേനാ ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു. അഞ്ചു ദിവസമാണ് സമ്മേളനം നടക്കുന്നത്. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്, കരസേനാ മേധാവി ജനറൽ എം.എം.നരവാനേ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി എന്നിവരും സമ്മേളനത്തിലെ വിവിധ ഘട്ടങ്ങളിൽ നാവിക സേനാ കമാൻഡർമാരുമായി വിവിധ പ്രതിരോധ മേഖലകളിലെ തുടർപ്രവർത്തനം വിലയിരുത്തും.

രാജ്യത്തെ നാവിക സേനയുമായി ബന്ധപ്പെട്ട വിശദമായ അവലോകനവും തയ്യാറെടുപ്പും നടക്കുന്ന സുപ്രധാന യോഗമാണ് ആരംഭിച്ചത്. പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രസർക്കാറിന്റെ വിവിധ വകുപ്പുകളുടേയും ഗവേഷണസ്ഥാപനങ്ങളുടേയും മേധാവികളും അഞ്ചു ദിവസത്തെ യോഗത്തിൽ വിവിധ സെഷനുകളിലായി പങ്കെടുക്കുമെന്ന് നാവിക സേന അറിയിച്ചു.

ക്വാഡ് സഖ്യത്തിൽ ഇന്ത്യ നിർണ്ണായക സ്ഥാനം നേടിയതോടെ ഇന്ത്യൻ മഹാസമുദ്രത്തിനും പസഫിക്കിനുമപ്പുറത്തേക്ക് ലോകരാജ്യങ്ങൾക്ക് സഹായമായി ഇന്ത്യൻ നാവിക സേന മാറിക്കഴിഞ്ഞു. മികച്ച അന്തർവാഹിനികളുടെ നിർമ്മാണവും വിമാനവാഹിനി വിരാടിന്റെ വരവുമടക്കം പതിന്മടങ്ങ് കരുത്തോടെയാണ് നാവിക സേന സമുദ്ര സുരക്ഷയിൽ മുന്നേറുന്നത്.