തിരുവനന്തപുരം: കോൺ​ഗ്രസ് കേന്ദ്രങ്ങളെല്ലാം വളരെ സജീവമായിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ സംസ്ഥാന സർക്കാർ നേടിയ മുൻകൈ ഇടത് കേന്ദ്രങ്ങൾക്ക് തുടർഭരണം എന്ന ചിന്ത ആവേശം നൽകിയിരുന്നു എങ്കിൽ ഇപ്പോൾ കാര്യങ്ങൾ പാടെ തിരിഞ്ഞിരിക്കുകയാണ്. പന്ത് ഇപ്പോൾ കോൺ​ഗ്രസിന്റെ കോർട്ടിലാണ്. ​ഗുരുതരമായ ആരോപണങ്ങളുടെ നടുച്ചുഴിയിൽ വീണുപോയ സംസ്ഥാന സർക്കാരിനും ഇടത് മുന്നണിക്കും ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ല എന്നാണ് കോൺ​ഗ്രസ് നേതൃത്വം കരുതുന്നത്. അതിന്റെ ആവേശത്തിനൊപ്പം ഇരട്ടിമധുരമാകുകയാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവ് ഉമ്മൻ ചാണ്ടി നിയമസഭയിൽ 50 വർഷങ്ങൾ പൂർത്തിയാക്കുന്നു എന്നത്. നിയമസഭയിൽ തുടർച്ചയായ അമ്പത് വർഷവും ഉമ്മൻ ചാണ്ടി പ്രതിനിധീകരിച്ചത് പുതുപ്പള്ളി മണ്ഡലത്തെയാണ്.

1970 സെപ്റ്റംബർ 17-നായിരുന്നു പുതുപ്പള്ളിയിൽ നിന്നും ഉമ്മൻ ചാണ്ടിയുടെ ആദ്യവിജയം. അന്നാരും കരുതിയിരുന്നില്ല, ഇത് ഇവിടംകൊണ്ടൊന്നും തീരുന്ന ഏർപ്പാടല്ലെന്ന്. ഇപ്പോൾ 11 മത്സരങ്ങളും അത്രതന്നെ വിജയങ്ങളും. അതിനിടെ 3 തവണ മന്ത്രി, രണ്ട് തവണ മുഖ്യമന്ത്രി, ഒരിക്കൽ പ്രതിപക്ഷ നേതാവ്. അതിനിടെ രണ്ടോ മൂന്നോ തവണ പാർട്ടിയിലെ സഹപ്രവർത്തകർക്കുവേണ്ടി മന്ത്രിസ്ഥാനം ത്യാഗം ചെയ്തു. 1977-ൽ തൊഴിൽ മന്ത്രിയും 81-ൽ ആഭ്യന്തരമന്ത്രിയുമായിരുന്നു. രണ്ട് ചെറിയ കാലയളവുകൾ. 94-ൽ ധനമന്ത്രിയായും പ്രവർത്തിച്ചു. 2005-ലും 2011-ലും മുഖ്യമന്ത്രിയായി.

അര നൂറ്റാണ്ടുകാലും ഒരു മണ്ഡലത്തെ തന്നെ പ്രതിനിധീകരിച്ച എംഎൽഎമാർ കേരള ചരിത്രത്തിൽ അപൂർവ്വത്തിൽ അപൂർവ്വമാണ്. പാലാ മണ്ഡലത്തിൽ കെഎം മാണി അരനൂറ്റാണ്ട് തികച്ച ആളാണ്. അതുപോലെ 2020 ഓടെ ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിൽ അര നൂറ്റാണ്ട് തികയ്ക്കുകയാണ്. 1970 മുതൽ 2020 വരെയുള്ള അമ്പത് വർഷങ്ങൾ. 1970 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ അതേ വർഷം തന്നെയാണ് ഉമ്മൻ ചാണ്ടി നിയമസഭ തിരഞ്ഞെടുപ്പിലെ തന്റെ കന്നിയങ്കത്തിന് ഇറങ്ങുന്നത്. അന്ന് പ്രായം വെറും 27 വയസ്സ് മാത്രം. പുതുപ്പള്ളിയിലെ സിറ്റിങ് എംഎൽഎ ഇഎം ജോർജ്ജ് ആയിരുന്നു എതിർ സ്ഥാനാർത്ഥി. 1967 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൽ നിന്ന് സിപിഎം പിടിച്ചെടുത്ത മണ്ഡലം ആയിരുന്നു പുതുപ്പള്ളി.

ഉമ്മൻ ചാണ്ടിയുടെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ , ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച ഏക തിരഞ്ഞെടുപ്പ് ആ കന്നി തിരഞ്ഞെടുപ്പായിരുന്നു. സിറ്റിങ് എംഎൽഎ ആയ ഇഎം ജോർജ്ജിനെതിരെ അന്ന് 7,288 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഉമ്മൻ ചാണ്ടി വിജയിച്ചത്. അതിന് ശേഷം ഒറ്റത്തവണ മാത്രമേ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെ വന്നിട്ടുള്ളു. അത് 1987 ൽ വിഎൻ വാസവനെതിരെ മത്സരിച്ചപ്പോൾ ആയിരുന്നു. അന്ന് 9,164 വോട്ടായിരുന്നു ഭൂരിപക്ഷം.

27-ാം വയസ്സിൽ എംഎൽഎ ആയ ഉമ്മൻ ചാണ്ടി 34-ാം വയസ്സിൽ മന്ത്രിയുമായി. 1977 ൽ കരുണാകരൻ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായിരുന്നു അദ്ദേഹം. തുടർന്ന് വന്ന ആന്റണി മന്ത്രിസഭയിലും ഇതേ പദവി നിലനിർത്തി. 1981 ഡിസംബർ മുതൽ 1982 മാർച്ച് മാസം വരെ നാല് മാസക്കാലം ആഭ്യന്തര മന്ത്രിയായും പ്രവർത്തിച്ചു. 1991 ലെ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. ഈ കാലത്താണ് പ്രമാദമായ പാമോലിൻ കേസ് ഉണ്ടാകുന്നത്. പിന്നീട് ഈ കേസിന്റെ പുനരന്വേഷണത്തിൽ ഉമ്മൻ ചാണ്ടിയെ കൂടി ഉൾപ്പെടുത്താൻ കോടതി വിധി വന്നിരുന്നു. എന്തായാലും ഈ മന്ത്രിസഭയിൽ ഉമ്മൻ ചാണ്ടി കാലാവധി തികച്ചില്ല. എംഎ കുട്ടപ്പന്റെ രാജ്യസഭ സീറ്റ് വിവാദത്തിൽ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു.

വകുപ്പുകൾ പലതും കൈയാളിയിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് എത്താൻ അദ്ദേഹത്തിന് അതുവരെ കഴിഞ്ഞിരുന്നില്ല. 2001 ൽ എകെ ആന്റണി മുഖ്യമന്ത്രിയായപ്പോൾ ഉമ്മൻ ചാണ്ടി യുഡിഎഫ് കൺവീനർ ആയി. 2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫും കോൺഗ്രസ്സും തകർന്നടിഞ്ഞപ്പോൾ അതിന്റെ ധാർമിക ഉത്തരവാദിത്തം എകെ ആന്റണിക്ക് ഏറ്റെടുക്കേണ്ടി വന്നു. അതിന്റെ പേരിൽ രാജിവയ്‌ക്കേണ്ടിയും വന്നു.അതുവരെ ആന്റണിയുടെ സ്വന്തം ആളായിരുന്നു ഉമ്മൻ ചാണ്ടി. തിരഞ്ഞെടുപ്പിൽ തോറ്റമ്പിയപ്പോൾ യുഡിഎഫ് കൺവീനറും ആയിരുന്നു. പക്ഷേ, ആന്റണിക്ക് പകരം മുഖ്യമന്ത്രിക്കസേരെ കൈയാളിയതും ഉമ്മൻ ചാണ്ടി തന്നെ. അങ്ങനെ ഏതാണ്ട് ഒന്നര വർഷക്കാലം ആദ്യ ടേമിൽ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ ഉമ്മൻ ചാണ്ടിക്കായി.

2006 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫും കോൺഗ്രസും പച്ചതൊട്ടില്ല. ഭരണം നഷ്ടപ്പെട്ടതോടെ ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായി. അപ്പോഴേക്കും എകെ ആന്റണി കേരള രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അഞ്ച് വർഷം ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായി. 2011 ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കഷ്ടിച്ച് അധികാരത്തിൽ എത്തുകയായിരുന്നു. കെപിസിസി പ്രസിഡന്റ് ആയിരുന്ന രമേശ് ചെന്നിത്തലയും വിജയിച്ച് എംഎൽഎ ആയിരുന്നുവെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഉമ്മൻ ചാണ്ടിക്ക് വലിയ മത്സരം ഒന്നും നേരിടേണ്ടി വന്നില്ല. വിജിലൻസും ആഭ്യന്തരവും ഒക്കെ ആദ്യം ഭരിച്ചെങ്കിലും പിന്നീട് അതെല്ലാം വിട്ടുകൊടുക്കേണ്ടി വന്നു എന്നതും ചരിത്രം.

2016 ലെ തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ്സും യുഡിഎഫും പരാജയപ്പെട്ടു. എന്നാൽ ഇത്തവണ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായില്ല. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു അത് എന്നാണ് പറയുന്നത്. അതിന് ശേഷം അദ്ദേഹം എഐസിസി ജനറൽ സെക്രട്ടറിയായി നിയമിതനാവുകയും ആന്ധ്ര പ്രദേശിന്റെ ചുമതല വഹിക്കുകയും ചെയ്തു.

വിവാദകാലം

ചാരക്കേസിൽ ഉമ്മൻ ചാണ്ടി നേരിട്ട് ഒരു കണ്ണിയല്ലെങ്കിലും ചാരക്കേസ് പരാമർശിക്കുമ്പോൾ അദ്ദേഹത്തിന്റെ പേര് പറയാതിരിക്കാൻ പറ്റില്ല. കെ കരുണാകരനെതിരെ കോൺഗ്രസ്സിലെ ഗ്രൂപ്പ് വഴക്കാണ് ചാരക്കേസ് എന്ന ഇല്ലാ കേസിന്റെ പിറകിൽ പ്രവർത്തിച്ചത് എന്നാണ് ആക്ഷേപം. അന്ന് എതിർ ഗ്രൂപ്പിനെ മുന്നിൽ നിന്ന് നയിച്ചത് ഉമ്മൻ ചാണ്ടി ആയിരുന്നു. കരുണാകരൻ മന്ത്രിസഭയിൽ നിന്ന് അദ്ദേഹം രാജിവച്ച് നിൽക്കുന്ന സമയം കൂടി ആയിരുന്നു അത്.

ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദകാലം ആയിരുന്നു മുഖ്യമന്ത്രിക്കാലം. സോളാറും ടൈറ്റാനിയവും ഉൾപ്പെടെ കേസുകളും ആരോപണങ്ങളും നിറഞ്ഞുനിന്ന കാലം. സോളാർ കേസിൽ ലൈംഗികാരോപണം പോലും നേരിടേണ്ടിവന്നു. സോളാർ കമ്മീഷന് മുന്നിൽ 14 മണിക്കൂറോളം വിചാരണയ്ക്കും ഹാജരാകേണ്ടി വന്നു.