മസ്‌കറ്റ്: ഒമാനിൽ 526 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 72 മണിക്കൂറിലെ കണക്കുകളാണ് പുറത്തുവിട്ടത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം1,31,790 ലെത്തി. കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ഒമാനിൽ ആകെ മരണപ്പെട്ടവർ 1,512 ആയി. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 474 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,24,067 പേർ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 94.1 ശതമാനമാണ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒമാന്റെ കര അതിർത്തികൾ അടയ്ക്കാൻ സുപ്രീം കമ്മറ്റി തീരുമാനമെടുത്തു. ജനുവരി 18 തിങ്കളാഴ്ച വൈകുന്നേരം ആറുമണി മുതൽ ഒരാഴ്ചത്തേക്കാണ് അതിർത്തികൾ അടയ്ക്കുക. ഞായറാഴ്ച ചേർന്ന സുപ്രീം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ സ്വദേശികളും വിദേശികളും അലംഭാവം കാണിക്കുന്നതായി സുപ്രീംകമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു. നിയമലംഘകർക്ക് കർശന ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ തുടരുമെന്ന് സുപ്രീം കമ്മറ്റി വ്യക്തമാക്കി.