തൃശൂർ: കേന്ദ്രസംസ്ഥാന സർക്കാരിന്റെ സംയുക്ത പദ്ധതിയായ ജലജീവൻ മിഷനിൽ ഗുരുതര കൃത്യവിലോപം.ഉദ്യോഗസ്ഥർ എസ്റ്റിമേറ്റും ബിൽ തുകയും യഥാസമയം സമർപ്പിക്കാത്തതു കാരണം ആദ്യഘട്ടത്തിൽ 566.73 കോടി രൂപയുടെ 1.20 ലക്ഷം ഗാർഹിക പൈപ്പ് കണക്ഷനുകളുടെ പ്രവൃത്തികളാണ് അവതാളത്തിലായത്. സമയബന്ധിതമായി പൂർത്തീകരിക്കേണ്ട പ്രവൃത്തിയിൽ വീഴ്‌ച്ചവരുത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെ 9 ഉദ്യോഗസ്ഥരെ വാട്ടർ അഥോറിറ്റി മാനേജിങ് ഡയറക്ടർ എസ്.വെങ്കിടേശപതി സസ്‌പെൻഡ് ചെയ്തു.

വി.കെ.ശിവരാമൻ (എക്‌സി.എൻജിനീയർ, പിഎച്ച് ഡിവിഷൻ തൃശൂർ), എം.സി.നാരായണൻ (അസി.എക്‌സി.എൻജിനീയർ, പ്രോജക്ട് ഡിവിഷൻ കോഴിക്കോട്), പി.എം.സജീവ് (അസി.എൻജിനീയർ, പിഎച്ച് സെക്ഷൻ, ചവറ), കെ.അബ്ദുല്ല (അസി.എൻജിനീയർ, പ്രോജക്ട് ഡിവിഷൻ ആലപ്പുഴ), ടി.സി.അനിരുദ്ധൻ (എക്‌സി.എൻജിനീയർ, പിഎച്ച് ഡിവിഷൻ തൊടുപുഴ), ആർ.ഡി.രാജേഷ്‌കുമാർ (അസി.എൻജിനീയർ, വാട്ടർ സപ്ലൈ സെക്ഷൻ നോർത്ത് പറവൂർ), കെ.അർച്ചന (അസി.എക്‌സി.എൻജിനീയർ, പ്രോജക്ട് ഡിവിഷൻ കൊല്ലം), എൻ.പുഷ്പ (അസി.എൻജിനീയർ, പ്രോജക്ട് ഡിവിഷൻ കൊല്ലം), ജോബി ജോസഫ് (അസി.എൻജിനീയർ, പ്രോജക്ട് ഡിവിഷൻ കോഴിക്കോട്) എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ഇവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും അതത് ചീഫ് എൻജിനീയർമാരോടു നിർദ്ദേശം നൽകിയിട്ടുണ്ട്.