മുംബൈ: ഇന്ത്യൻ വിവാഹങ്ങളിൽ എപ്പോഴും കൂടുതൽ മേധാവിത്വം പുരുഷന്മാർക്കാണ്. കൂടുതൽ ആവശ്യങ്ങൾ മുന്നോട്ട് വയ്ക്കുന്നതും അവർ തന്നെയായിരിക്കും. പെൺകുട്ടികൾക്ക് പൊതുവേ വിവാഹങ്ങളിൽ ഡിമാന്റുകൾ വയ്ക്കുവാനുള്ള സാഹചര്യവും അവകാശവും തുലോം കുറവാണ്. എന്നാൽ, ഈ പൊതുബോധത്തിനെതിരെയുള്ള വിളംബരമായി ഒരു വിവാഹ പരസ്യമെത്തിയപ്പോൾ അത് ലോകവാർത്തയായി മാറിയിരിക്കുന്നു. ഇന്ത്യൻ വർത്തമാനപ്പത്രത്തിൽ വന്ന ഒരു വിവാഹ പരസ്യമാണ് ഇപ്പോൾ പാശ്ചാത്യ മാധ്യമങ്ങളുടെ തലക്കെട്ട് പിടിച്ചടക്കുന്നത്.

ഫെമിനിനിസ്റ്റ് എന്ന് അവകാശപ്പെടുന്ന ഒരു യുവതിക്ക് വേണ്ടിയാണ് ഈ പരസ്യം നൽകിയിരിക്കുന്നത്. മുതലാളിത്തത്തിനെതിരെ സമൂഹത്തിലെ വിവിധ പോരാട്ടങ്ങളിൽ സജീവമായി പങ്കെടുക്കുന്നു എന്ന് അവകാശപ്പെടുന്ന ഈ യുവതി പക്ഷെ ആവശ്യപ്പെടുന്നത് കുറഞ്ഞത് 20 ഏക്കറെങ്കിലും തോട്ടമുള്ള ബിസിനസ്സുകാരെയാണ്. മാത്രമല്ല, ഇവർ ഏമ്പക്കം വിടുന്നവരോ അധോവായു പ്രയോഗം നടത്തുന്നവരോ ആകരുതെന്നും പരസ്യത്തിൽ പറയുന്നു.

ഉത്തരേന്ത്യയിലെ പന്ത്രണ്ടോളം പത്രങ്ങളിൽ വന്ന ഈ പരസ്യം പ്രശ്സ്ത കൊമേഡിയൻ അതിഥി മിത്തൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് ലോക ശ്രദ്ധ നേടുന്നത്. പരസ്യം നൽകിയിരിക്കുന്ന യുവതിയുടെ പ്രായം 30 ന് മുകളിലാണെന്ന് പരസ്യത്തിൽ പറയുന്നു. എന്നാൽ അവർ ആഗ്രഹിക്കുന്നത് 25 നും 28 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിൽ നിന്നുള്ള ആലോചനകളാണ്. മാത്രമല്ല, അവർ മാതാപിതാക്കളുടെ ഏക സന്താനമായിരിക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്. ബിസിനസ്സ് ഉടമകളും പാചകം അറിയുന്നവരും ആയിരിക്കണം.

ട്വിറ്ററിൽ ഈ പരസ്യം പ്രത്യക്ഷപ്പെട്ട ഉടനെ ഇത് വൈറലാകുകയായിരുന്നു. നിങ്ങൾക്കായി ആരോ കാത്തിരിക്കുന്നു എന്ന തലക്കെട്ടോടെ ബോളിവുഡ് നടി റിച്ച ഛദ്ദയും ഇത് ഷെയർചെയ്തു. ജാതി, മതം എന്നിവ തിരിച്ചുള്ള നിരവധി പരമ്പരാഗത വിവാഹ പരസ്യങ്ങൾക്കിടയിലാണ് ഇത്തരത്തിൽ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. അവയിൽ പല പരസ്യങ്ങളിലും വ്യക്തികളുടെ ശരീര പ്രകൃതിമുതൽ സ്വഭാവ സവിശേഷതകൾ വരെ വർണ്ണിച്ചിട്ടുമുണ്ട്.മാത്രമല്ല, ജോലി, കുടുംബം, സ്വത്ത് തുടങ്ങിയ വിവരങ്ങളും നൽകിയിട്ടുണ്ട്.

തികച്ചും വ്യത്യസ്തമായ ഒരു പരസ്യമാണിത് എന്ന് സമ്മതിക്കുമ്പോൾ തന്നെ ഇതിന്റെ ആധികാരികതയെ കുറിച്ച് പലരും സംശയങ്ങളും ഉന്നയിക്കുന്നുണ്ട്. തന്റെ മുപ്പതാം ജന്മദിനത്തിൽ ഒരു തമാശയായി നൽകിയതാണ് ഈ പരസ്യമെന്നാണ് ഇത് നൽകിയ യുവതി പറയുന്നത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ യുവതിയുടെ സഹോദരി പറയുന്നത് ഒരു വ്യക്തിക്ക് 30 വയസ്സ് തികഞ്ഞാൽ പിന്നെ വിവാഹം ചെയ്യുവാനുള്ള സമ്മർദ്ദം സമൂഹത്തിൽ നിന്നും വർദ്ധിക്കുന്നു എന്നാണ്. സമൂഹത്തിന്റെ ഈ സമീപനത്തെ ഒന്ന് കളിയാക്കുവാൻ വേണ്ടികൂടിയാണ് ഇത്തരമൊരു പരസ്യമ്നൽകിയതെന്ന് യുവതിയുടെ സഹോദരനും പ്രതികരിച്ചു.

13,000 രൂപ മുടക്കിയാണ് ഇത്തരത്തിലൊരു പരസ്യം നൽകിയതെന്ന് സഹോദരൻ പറഞ്ഞു. ഇതുവരെ 60 ഈമെയിലുകൾ ഇതിനു പ്രതികരണമായി ലഭിച്ചിട്ടുണ്ട്. അതിൽ ഒരാൾ പറഞ്ഞത് അയാൾ വിധേയനാകാൻ താത്പര്യമുള്ള വ്യക്തിയും അതേസമയം ദുർവാശിക്കാരനുമാകയാൽ ഏറ്റവും നല്ല ജോഡി ആയിരിക്കുമെന്നാണ്. അതേസമയം, യുവതിയെ തടിച്ചി എന്നാക്ഷേപിച്ചും, ഫെമിനിനിസ്റ്റുകൾ മണ്ടികളാണെന്ന് പറഞ്ഞും ചില മെയിലുകൾ ലഭിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ചിലർ ഇവർക്കെതിരെ വധഭീഷണി മുഴക്കുക പോലും ഉണ്ടായത്രെ.