പാലക്കാട്: പിണറായി വിജയനെതിരെ കെ.സുധാകരൻ നടത്തിയ ചെത്തുകാരന്റെ മകൻ പരാമർശം വിവാദമായിരിക്കെയാണ്. പ്രതിപക്ഷ നേതാവ് ആദ്യം പരാമർശം പാടില്ലാത്തതായിരുന്നുവെന്ന് പറഞ്ഞെങ്കിലും പിന്നീട് നിലപാട് മാറ്റി. ഈ വിഷയത്തിൽ മന്ത്രി എ.കെ.ബാലന്റെ പ്രതികരണവും ശ്രദ്ധേയമാകുനനു.

കെ സുധാകരന് ചെറുപ്പം മുതലേ പിണറായി വിജയനോട് വെറുപ്പാണെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. ബ്രണ്ണൻ കോളജിൽ നിന്നും പിണറായി വിജയൻ പിരിയുമ്പോഴാണ് താൻ അവിടെ ചേരുന്നത്. അന്ന് തന്റെ സീനിയർ ആയി പഠിക്കുന്നയാളാണ് സുധാകരൻ. അക്കാലത്ത് സമരങ്ങളുമായി ബന്ധപ്പെട്ട് പിണറായി വിജയൻ കോളജിൽ വരാറുണ്ടായിരുന്നു. ആ ഓർമ്മ മനസിലുള്ളിടത്തോളം കാലം ലേശം ബുദ്ധിമുട്ട് പിണറായിയോട് സുധാകരനുണ്ടാകുമെന്ന് ബാലൻ വിമർശിച്ചു.

സുധാകരന് പിണറായിയോടുള്ള വെറുപ്പ് തനിക്ക് നന്നായി അറിയാം. സുധാകരനെപ്പോലുള്ളവർ അങ്ങനെ പറയാൻ പാടില്ലെന്ന് പറയാനുള്ള ആർജ്ജവം കോൺഗ്രസുകാർ കാണിക്കണം. ഷാനിമോൾ ഉസ്മാനെ പോലെ പലരും ഇത് പറഞ്ഞിട്ടുണ്ട്. എന്നാൽ സുധാകരനെ കാണുമ്പോൾ മുട്ടുവിറയ്ക്കുന്ന കോൺഗ്രസുകാരുണ്ടെന്നും ബാലൻ പരിഹസിച്ചു.സുധാകരനെ പേടിയുള്ള കോൺഗ്രസുകാർ അദ്ദേഹത്തിന്റെ കൂടെ ഹല്ലേലൂയ പാടിയിട്ട് പോകും. ഇത് ഒരിക്കലും സുധാകരൻ പറയാൻ പാടില്ലാത്തതാണ്. തങ്ങളെല്ലാം തൊഴിലാളി വർഗത്തിൽ ജനിച്ചവരാണെന്ന് പറയുന്നതിൽ ഒരു അഭിമാനക്ഷതവും ഇല്ലെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു