കാസർകോട്: സിപിഎം ബിജെപിക്ക് വോട്ട് മറിച്ചിട്ടുണ്ടെന്ന കെപിസിസി പ്രസിഡന്റിന്റെ വാക്കു തള്ളി മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി. മതേതരത്വം ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം വോട്ട് ചെയ്തിട്ടുണ്ട്. വോട്ട് കച്ചവടം നടന്നിട്ടില്ല . മഞ്ചേശ്വരം, കുമ്പള, മംഗൾപ്പാടി പഞ്ചായത്തുകളിൽ വൻ ലീഡ് നേടും. 10000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി എകെഎം അഷ്‌റഫ് പറഞ്ഞു.

മണ്ഡലത്തിലെ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നതാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. കെ സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയാണെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിംലീഗിലെ അഷറഫാണ് ഇവിടെ സ്ഥാനാർത്ഥി. ലീഗ് സ്ഥാനാർത്ഥിയോട് മണ്ഡലത്തിൽ ഉള്ളിൽ നിന്നും തന്നെ എതിർപ്പുകൾ നേരത്തെ ഉയർന്നിരുന്നു. ഇടതു സ്ഥാനാർത്ഥിയായി വി വി രമേശും മത്സരിക്കുന്നുണ്ട്.

ഇവിടെ മുല്ലപ്പള്ളി ആശങ്ക രേഖപ്പെടുത്തുമ്പോൾ എം പി രാജ്‌മോഹൻ ഉണ്ണിത്താൻ ആത്മവിശ്വാസത്തിലാണ്. മുല്ലപ്പള്ളി പറഞ്ഞ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു. അതേസമയം മഞ്ചേശ്വരത്ത് നല്ല മാർജിനിൽ ജയിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷയെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. സ്ത്രീ വോട്ടർമാർ വലിയ തോതിലെത്തി വോട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ ചതിയിലൂടെ 89 വോട്ടിന് ഞങ്ങളെ തോൽപ്പിച്ചതിനെതിരെ ജനങ്ങളിലുള്ള പ്രതിഷേധം പലയിടത്തും പ്രകടമായി.