ആലപ്പുഴ: എടത്വയിൽ നെല്ല് കയറ്റിവന്ന ലോറി തോട്ടിൽ വീണു. കരിങ്കൽ തിട്ടയിടിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. തായങ്കരി പുത്തൻവരമ്പിനകം പാടത്തെ നെല്ല് കയറ്റിവന്ന ലോറിയാണ് തായങ്കരി നാല്പതിൽ ബോബയുടെ വീടിന് സമീപത്തെ തോട്ടിലേക്ക് വീണത്.

ഡ്രൈവർ ലോറിയിൽ നിന്ന് ചാടി രക്ഷപെട്ടതിനാൽ വൻദുരന്തം ഒഴിവായി. കാലടി അന്ന റൈസ് മില്ലിനുവേണ്ടി സംഭരിച്ച നെല്ലാണ് തോട്ടിൽ വീണത്. ലോഡിങ് തൊഴിലാളികളെ ഉപയോഗിച്ച് നെല്ല് കരയ്ക്ക് എത്തിച്ചു. തിട്ടയിടിഞ്ഞതോടെ നെല്ല് കയറ്റിയ മൂന്നോളം ലോറികൾ പ്രധാനറോഡിൽ എത്താൻ കഴിയാതെ കുടുങ്ങി കിടക്കുകയാണ്. നെല്ല് ഇറക്കിയാലും മറ്റ് ലോറികൾക്ക് റോഡ് എത്തണമെങ്കിൽ ഏറെ പണിപ്പെടേണ്ടി വരും.