ആലപ്പുഴ: ചുവപ്പിനോടുള്ള ഇഷ്ടം വിടാത്ത എ എം ആരിഫ് എംഎൽഎ ഏറ്റവുമൊടുവിൽ സ്വന്തമാക്കിയ കാറിന്റെ നിറവും ചുവപ്പുതന്നെ. മണ്ഡലത്തിൽ ഈ യുവ എംഎൽഎ ഇനി എത്തുക ഹ്യുൻഡായ് ക്രെറ്റ കാറിൽ ഇഷ്ട നമ്പരായ 99മായാണ്.

കെ ആർ ഗൗരിയമ്മ എന്ന കരുത്തയായ നേതാവിനെ തറപറ്റിച്ചാണ് ആരിഫ് അരൂരിന്റെ സ്വന്തമാകുന്നത്. 2006ൽ സ്ഥാനാർത്ഥിയായി സിപിഐ(എം) അരൂരിനെ അവതരിപ്പിച്ചപ്പോൾ പ്രചാരണത്തിന് ആരിഫ് എത്തിയത് സുഹൃത്തിന്റെ ചുവന്ന ഓൾട്ടോ കാറിലാണ്.

അട്ടിമറി വിജയം നേടിയതോടെ ചുവന്ന നിറത്തിലുള്ള വാഹനം വേണമെന്ന എല്ലാവരുടെയും സ്‌നേഹനിർബന്ധത്തിനു വഴങ്ങി ആരിഫ് പിന്നീടു ചുവന്ന ഇൻഡിക്ക വാങ്ങി. പിന്നീട് വാങ്ങിയ ടാറ്റ ഇൻഡിക്ക വിസ്റ്റയും ചുവപ്പായിരുന്നു. അതിനു ശേഷം ചുവന്ന മാരുതി സ്വിഫ്റ്റ് ഡിസയറിലായി യാത്ര. മറ്റ് നിറത്തിലുള്ള വാഹനത്തിൽ പോയാൽ ചുവന്ന കാർ എവിടെയെന്ന് ആളുകൾ ചോദിച്ചു തുടങ്ങി. അരൂരിലെ ആരിഫ് എംഎൽഎയെ തിരിച്ചറിയുന്നത് ചുവപ്പ് കാർ കൊണ്ടായിരുന്നു. 2016 ലെ തിരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷമാണ് പുതിയ വാഹനം സ്വന്തമാക്കാം എന്ന് തീരുമാനിച്ചത്.

അവിടെയും ചുവന്ന നിറം തന്നെയായിരുന്നു മനസിൽ. ടൊയോട്ട ഇന്നോവയാണ് ആദ്യം ആലോചിച്ചതെങ്കിലും വില അധികമായതിനാൽ ഒഴിവാക്കി. പിന്നീടാണു ക്രെറ്റയിൽ എത്തുന്നത്. ചെറു എസ്‌യുവിയിൽ മുമ്പു താൻ ഉപയോഗിച്ചിരുന്ന നിറം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എറണാകുളത്തെ വിജെടി ഹ്യുണ്ടായ് ഡീലർ ആർടിഒയിൽ നിന്ന് അനുമതി തേടി നിറം മാറ്റി. ഹ്യുണ്ടായ് ഡീലർ അവരുടെ ചെലവിൽ തന്നെയാണു നിറം മാറ്റിനൽകിയത്.

വാഹനത്തിന് 999 എന്ന രജിസ്റ്റ്രേഷൻ നമ്പർ സ്വന്തമാക്കാനായിരുന്നു ആഗ്രഹമെങ്കിലും ഫാൻസി നമ്പർ എടുക്കുന്നതിന്റെ ചെലവ് കൂടിയതു കാരണം അത് 99 ആക്കി മാറ്റി. നേരത്തെയുള്ള വാഹനത്തിന്റേയും നമ്പർ 99 ആയിരുന്നു. ഇഷ്ട നമ്പർ വരുന്ന സമയം നോക്കിയാണു വാഹനം മാറിയതും.