കണ്ണൂർ: ബിജെപിയുടെ ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ അനുജൻ എ പി ഷറഫുദ്ദീൻ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു. അബ്ദുള്ളക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17ാം വാർഡ് കമ്പിലിൽ നിന്നാണ് ജനവിധി തേടുന്നത്. നാറാത്ത് അബ്ദുള്ളക്കുട്ടിയുടെ തറവാട് വീടിന് സമീപം തന്നെയാണ് ഷറഫുദ്ദീൻ താമസിക്കുന്നത്.

സെപ്റ്റംബർ 26നാണ് അബ്ദുള്ളക്കുട്ടിയെ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തത്. കുമ്മനം രാജശേഖരനെയടക്കമുള്ളവരെ തഴഞ്ഞ് അടുത്ത കാലത്ത് മാത്രം പാർട്ടിയിലേക്ക് എത്തിയ അബ്ദുള്ളകുട്ടിയെ ദേശീയ നേതൃത്വത്തിലേക്ക് എടുത്തതിനെതിരെ ബിജെപിയിൽ നിന്ന് ഒരു കൂട്ടം നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

ബിജെപി ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെ കേരളത്തിൽ ബിജെപിക്ക് വലിയ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് എ.പി അബ്ദുള്ളകുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേരളത്തിലെ പിണറായി വിജയൻ സർക്കാരിന്റെ അഴിമതിക്കും, കള്ളക്കടത്തിനും എതിരായിട്ടുള്ള പോരാട്ടത്തിന്റെ മുന്നണിപ്പോരാളി ബിജെപിയാണെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

ബിജെപിക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മാത്രമല്ല നിയമസഭ തെരഞ്ഞെടുപ്പിലും വലിയ സാധ്യതയുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ പിന്തുണയുള്ള നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അബ്ദുള്ളക്കുട്ടി നേരത്തെ കൂട്ടിച്ചേർത്തിരുന്നു. ബിജെപിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോഴാണ് 12 വൈസ്പ്രസിഡന്റുമാരിൽ ഒരാളായി എ.പി അബദുള്ളക്കുട്ടിയെയും തീരുമാനിച്ചത്.