മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ഔസേപ്പച്ചൻ സംഗീത ജീവിതത്തിലെ ഒരു നാഴികക്കല്ല് പിന്നിടുകയാണ്. ചലച്ചിത്ര സംഗീതത്തിൽ 200 ചിത്രങ്ങൾ പിന്നിടുകയാണ് അദ്ദേഹം. ആസിഫ് അലി, രജിഷ വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' ആണ് 200-ാം ചിത്രം. ചിത്രത്തിലെ 'പിന്നെന്തേ എന്തേ മുല്ലേ' എന്ന ഗാനം കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ പ്രിയസുഹൃത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത് മറ്റാരുമല്ല, സാക്ഷാൽ എ ആർ റഹ്മാൻ ആണ്.

ദിലീപ് കുമാർ എന്ന പേരിൽ പശ്ചാത്തല സംഗീതം ഒരുക്കിയിരുന്ന കാലം മുതൽ റഹ്മാനുമൊത്ത് പ്രവർത്തിച്ചിട്ടുള്ള ആളാണ് ഔസേപ്പച്ചൻ. റഹ്മാൻ സംഗീതം പകർന്ന ചില ചിത്രങ്ങളുടെ ഓർക്കസ്ട്രയിൽ പ്രവർത്തിച്ചിട്ടുമുണ്ട് ഔസേപ്പച്ചൻ. 'ഔസേപ്പച്ചൻജീ' എന്ന് സംബോധന ചെയ്തുകൊണ്ടാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ റഹ്മാൻ ഔസേപ്പച്ചന് ആശംസകൾ നേർന്നിരിക്കുന്നത്. 200-ാം ചിത്രത്തിന് എല്ലാ ആശംസകളും നേരുന്ന അദ്ദേഹം ചിത്രത്തിലെ ഗാനത്തിന്റെ ലിങ്ക് പങ്കുവച്ചിട്ടുമുണ്ട്.

ആശംസകൾക്ക് നന്ദി അറിയിച്ച് ഔസേപ്പച്ചനും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'നേട്ടങ്ങളുടെയും വിജയങ്ങളുടെയും കൊടുമുടിയിലും, നിങ്ങൾ എക്കാലത്തെയും പോലെ എളിമയോടെ നിൽക്കുന്നു. ഈ ഉദാര മനസ്‌കതയ്ക്ക് നന്ദി സുഹൃത്തേ', ഔസേപ്പച്ചൻ കുറിച്ചു.

'പിന്നെന്തേ എന്തേ മുല്ലേ' എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കർ. മമ്മൂട്ടിയാണ് സോഷ്യൽ മീഡിയയിലൂടെ ഗാനം പുറത്തിറക്കിയത്. തിരുവല്ല, ഡോക്ടർ പോൾ വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംമ്പർ 19ന് സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്ററുകളിലെത്തിക്കും