കോതമംഗലം: കുട്ടമ്പുഴ ടൗൺ അടക്കമുള്ള ജനവാസമേഖലയെ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. 9 സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയിലുള്ള ജനവാസ മേഖലയാണ് തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ നിയന്ത്രങ്ങൾക്കു കീഴിലുള്ളത്. ജനവാസ മേഖലയായതിനാൽ ഇത് അവിടുത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റു വികസനപ്രവർത്തനങ്ങൾക്കും ഇതു തടസമുണ്ടാക്കുന്നുണ്ട്.

ഒഴിവാക്കുന്ന മേഖലയ്ക്ക് പകരമായി നേര്യമംഗലം ഭാഗത്തെ വനപ്രദേശം ഏറ്റെടുത്ത് പക്ഷി സങ്കേതത്തോട് കൂട്ടിച്ചേർക്കും. ഇതിനാൽ പക്ഷിസങ്കേതത്തിന്റെ വിസ്തൃതിയിലും കുറവുണ്ടാകില്ല. ഇക്കാര്യത്തിൽ കേന്ദ്രാനുമതി ലഭിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.