തിരുവനന്തപുരം: വിഷു കൈനീട്ട വിവാദത്തിൽ സുരേഷ് ഗോപി എം പിക്കെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ രംഗത്ത്. സുരേഷ് ഗോപി ജീവിതത്തിലും സിനിമയിലെ കഥാപാത്രങ്ങളെ പോലെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഉത്തരേന്ത്യൻ പരിപാടികൾ കേരളത്തിൽ ആസൂത്രിതമായി നടപ്പാക്കുകയാണെന്നും ബിജെപി ക്ഷേത്രങ്ങളെ രാഷ്ട്രീയ വത്കരിക്കുകയാണെന്നും എ വിജയരാഘവൻ പറഞ്ഞു.സംഭവം കേട്ടുകേൾവിയില്ലാത്തതാണ്. കൈനീട്ടത്തിന്റെ മറവിൽ സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനിടെ സുരേഷ് ഗോപിക്ക് പിന്തുണയുമായി തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ മേൽശാന്തിയും രംഗത്തെത്തി. ഇന്ന് ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും കൈനീട്ടം നൽകുമെന്നും ബിജെപി പ്രവർത്തകർ അറിയിച്ചു.

പൊതുജനങ്ങളിൽ നിന്നുള്ള പണമുപയോഗിച്ച് ശാന്തിമാർ കൈനീട്ടം നൽകരുതെന്ന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉത്തരവുണ്ട്. സുരേഷ് ഗോപി നൽകിയ പണം ഉപയോഗിച്ച് വടക്കുംനാഥ ക്ഷേത്രത്തിലെ മേൽശാന്തി കൈനീട്ടം നൽകുന്നതിൽ ബോർഡ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബിജെപി കൈനീട്ടം നൽകി പ്രതിഷേധിക്കുന്നത്.

ദക്ഷിണയായി കിട്ടുന്ന പണം ഭക്തർക്ക് കൈനീട്ടമായി നൽകുന്നത് കാലങ്ങളായി നിലനിൽക്കുന്ന ആചാരമാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി ദക്ഷിണ നൽകിയതെന്നും ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു. ഒരു രൂപയുടെ ആയിരം നോട്ടുകളാണ് സുരേഷ് ഗോപി ദക്ഷിണയായി സമർപ്പിച്ചത്. ഇത് കൈനീട്ടം ആയി നൽകാനും നിർദ്ദേശം നൽകിയിരുന്നു. ഇത് ദേവസ്വം ബോർഡ് പ്രസിഡന്റ് വിലക്കിയിരുന്നു.