തിരുവനന്തപുരം: അഴിമതി പണവുമായി ബന്ധപ്പെട്ട വിഷയത്തിലെ തർക്കങ്ങളാണ് മുസ്ലിം ലീഗിലെ കടുത്ത പ്രതിസന്ധിക്ക് പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ലീഗിലെ വിവാദത്തിന് പിന്നിൽ സിപിഎം ആണെന്ന പ്രസ്താവന പരിഹാസ്യമാണ്. ലീഗ് ചെന്നെത്തിയ ദുരവസ്ഥ എല്ലാവർക്കുമറിയാം.

ചന്ദ്രിക പത്രത്തിന് ഇ.ഡി നോട്ടീസ് അയച്ചതടക്കമുള്ള കാര്യങ്ങൾ വസ്തുതകളാണ്. സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ച് ലീഗിന് തടിതപ്പാൻ കഴിയില്ലെന്നും എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലീഗിനെതിരെ ഉയരുന്ന വിവാദങ്ങൾ സിപിഎം സൃഷ്ടിയാണെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലീഗ് ഓഫീസിൽ നടന്ന സംഭവങ്ങൾ ലീഗിലെ പ്രശ്നം എന്നല്ലാതെ സിപിഎമ്മുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ലീഗിനകത്ത് അഗാധമായ പ്രതിസന്ധിയുണ്ട്,വലിയ അഭിപ്രായ വ്യത്യാസമുണ്ട് അത് വ്യക്തമാണ്. രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ലീഗിന്റെ നേതൃത്വമില്ലായ്മയാണ് ഇതിൽനിന്നൊക്കെ വ്യക്തമാവുന്നത്. അല്ലാതെ നേതൃത്വത്തിന്റെ കരുത്തല്ല.

സിപിഎമ്മിന് നേരെ ആക്ഷേപമുന്നയിച്ച് തടിതപ്പാൻ ശ്രമിച്ചാലൊന്നും ലീഗ് നേതൃത്വം രക്ഷപ്പെടാൻ പോവുന്നില്ല. എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടിന്റെ ഉദാഹരണങ്ങൾ എന്ന നിലയിലാണ് അവർ സിപിഎമ്മിനെ ആക്ഷേപിക്കുന്നത്. വിചിത്രമായ വാദമാണ്. ലീഗ് ഇപ്പോൾ പറയുന്ന ന്യായം പറയുന്നവർക്ക് തന്നെ വിശ്വസിക്കാൻ കഴിയാത്ത ന്യായമാണ്. കാണുന്നവരെ അപഹസിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണെന്നും വിജയരാഘവർ പറഞ്ഞു.

എല്ലാ വിഭാഗങ്ങളുടേയും പിന്തുണയുള്ള സർക്കാരാണ് കേരളത്തിലുള്ളത്. ലീഗിന് എൽഡിഎഫ് സർക്കാരിനോടുള്ള വിരോധം അധികാരം കിട്ടാത്തതിന്റെ നിരാശയാണ്. അധികാരമില്ലാത്ത ലീഗിൽ തർക്കം എന്നത് സ്വാഭാവികമാണ്. കോൺഗ്രസ് ഇപ്പോൾ നിശബ്ദമായിരിക്കുകയാണ്. ഭാവിയിൽ കോൺഗ്രസിലും തർക്കമുണ്ടാവും. രൂക്ഷമായ പ്രതിസന്ധിയിലേക്ക് പോവും. യുഡിഎഫിൽ രൂപം കൊള്ളാൻ പോവുന്ന പ്രതിസന്ധിയുടെ തുടക്കമാണ് ലീഗിൽ ഇപ്പോൾ കാണുന്ന തർക്കങ്ങൾ. നിലവിലുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറാനാവാതെ ലീഗ് ഉന്നയിച്ചുകൊണ്ടിരിക്കുന്ന വാദങ്ങളെ ജനങ്ങൾ പുച്ഛിച്ചുതള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലീഗിനെതിരെ ഉയരുന്ന വിവാദങ്ങൾ സിപിഎം സൃഷ്ടിയെന്ന് കഴിഞ്ഞദിവസം പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചിരുന്നു. സർക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകൾക്കെതിരെ ഉയർന്ന പ്രതിഷേധം മറി കടക്കാനും ശ്രദ്ധ തിരിച്ച് വിടാനുമാണ് സിപിഎം ശ്രമിക്കുന്നത്. എതിരാളികളുടെ കെണിയിൽ വീഴാതെ സൂക്ഷിക്കുക എന്നതും സംഘടനാപരമായ അച്ചടക്കവും പ്രധാനമാണ്. സമുദായത്തിന് വേണ്ടി കപട സ്നേഹം നടിക്കുന്നവരെ തിരിച്ചറിയണമെന്നും യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.