തിരുവനന്തപുരം: അനുപമയുടെ കുഞ്ഞുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡിവൈഎഫ്ഐയെ വലിച്ചിഴയ്ക്കേണ്ടതില്ലെന്ന് എഎ റഹീം. ഇത് ഒരമ്മയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ട വൈകാരികതയുള്ള വിഷയമാണ്. ഒപ്പം നിയമപരമായ വിഷയവുമാണ്. സർക്കാർ അന്വേഷണം നടക്കുന്നുണ്ടെന്നും എഎ റഹീം ചൂണ്ടിക്കാട്ടി.

അനുപമയും അജിത്തും ഡിവൈഎഫ്ഐ ഘടകങ്ങളിലുള്ളവരല്ല. നിയമപരമായി കൈകാര്യം ചെയ്യേണ്ട വിഷയത്തിൽ ഇടപെടുന്നതിന് ഡിവൈഎഫ്ഐക്കും പാർട്ടിക്കുമെല്ലാം പരിമിതിയുണ്ട്. ശിശുക്ഷേമ സമിതി നിലവിൽ ഏതെങ്കിലും തരത്തിൽ നിയമലംഘനം നടത്തിയതായി ഞങ്ങളുടെ ശ്രദ്ധയിലില്ല. അങ്ങനെ എന്തെങ്കിലുമുണ്ടെങ്കിൽ അത് കണ്ടത്തേണ്ടത് നമ്മളല്ല.

'ഡിവൈഎഫ്ഐ എന്ന പേര് ഇതിനിടയിൽ വന്നതു കൊണ്ട് ആ രീതിയിൽ പ്രാധാന്യം കൊടുക്കുന്നത് ശരിയല്ല. ഇവിടെ അജിത്താണ് ഡിവൈഎഫ്ഐയുടെ മേഖലാ സെക്രട്ടറിയായിരുന്നയാൾ. മറ്റേയാൾ ഡിവൈഎഫ്ഐയുടെ മേഖല ഘടകത്തിലുണ്ടായിരുന്നോ എന്നതിൽ സംശയമുണ്ട്. ഏതായാലും മേഖല കടന്ന് പോയിട്ടില്ല. ഇതേ സ്ഥാനത്ത് ഡിവൈഎഫ്ഐയുടെ മേഖലാ കമ്മിറ്റി അംഗം അക്രമിക്കപ്പെട്ടാൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ആക്രമിക്കപ്പെട്ടു എന്നാണ് മാധ്യമങ്ങളിൽ വരിക. അതേസമയം അതേ സ്ഥാനത്തുള്ളയാൾ ഏതെങ്കിലും തരത്തിൽ ആരോപണ വിധേയരായാൽ നേതാവെന്നാണ് പറയുക,' എഎ റഹീം പറഞ്ഞു