ന്യൂഡൽഹി: നവജാത ശിശുക്കൾക്ക് ആശുപത്രിയിൽ വെച്ചു തന്നെ ആധാർ എന്റോൾമെന്റ്. ഈ പദ്ധതി ഉടൻ നടപ്പാക്കാൻ യു.ഐ.ഡി.എ.ഐ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. നവജാത ശിശുക്കൾക്ക് ആധാർ നമ്പർ നൽകുന്നതിന് ജനന രജിസ്ട്രാറുമായി ബന്ധപ്പെട്ട് സംവിധാനം ഒരുക്കാൻ ശ്രമിച്ചു വരുന്നതായി യു.ഐ.ഡി.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സൗരഭ് ഗാർഗ് അറിയിച്ചു.

ഓരോ വർഷവും രണ്ടര കോടിയോളം കുഞ്ഞുങ്ങൾ പിറക്കുന്നുവെന്നാണ് കണക്ക്. അവർക്കും അപ്പോൾ തന്നെ ആധാർ നമ്പർ നൽകാനാണ് പദ്ധതി. ആശുപത്രി വിടുന്നതിനു മുമ്പേ കുഞ്ഞിന്റെ ചിത്രമെടുത്ത ശേഷം ആധാർ കാർഡ് നൽകുന്നു. അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ ബയോമെട്രിക് രേഖകൾ എടുക്കില്ല. എന്നാൽ മാതാപിതാക്കളുമായി ബന്ധിപ്പിച്ചുള്ള ആധാർ നമ്പറാണ് അവർക്ക് നൽകുന്നത്. അഞ്ചു വയസു കഴിഞ്ഞാൽ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നു.

ജനസംഖ്യയിൽ 99.7 ശതമാനം പേരും ആധാർ എടുത്തിട്ടുണ്ട്. 131 കോടി ആളുകളെ എന്റോൾ ചെയ്തു കഴിഞ്ഞു. വിവരങ്ങൾ പുതുക്കുന്നതിലാണ് ഇനി അഥോറിറ്റി ശ്രദ്ധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഓരോ വർഷവും 10 കോടിയോളം പേർ പേര്, വിലാസം, ഫോൺ നമ്പർ തുടങ്ങിയവ പുതുക്കുന്നുണ്ട്. ഇതുവരെ 140 കോടിയിൽ 120 കോടി ബാങ്ക് അക്കൗണ്ടുകളും ആധാറുമായ ബന്ധിപ്പിച്ചു കഴിഞ്ഞതായും സൗരഭ് ഗാർഗ് പറഞ്ഞു.