പാലക്കാട്: മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആളിയാർ ഡാം തുറന്നതോടെ പാലക്കാട്ടെ പുഴകളിൽ ജലനിരപ്പ് ഉയർന്നു. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുന്നു. പാലക്കാട്ടെ പുഴകളിലെല്ലാം കുത്തൊഴുക്കാണ്. യാക്കര പുഴയിലേക്കും വൻതോതിൽ ജലമെത്തിയതോടെ, കനത്ത ഒഴുക്കാണ് അനുഭവപ്പെടുന്നത്.

അസാധാരണമായി ജലനിരപ്പ് ഉയർന്നതോടെ പാലക്കാടെ പുഴയോരങ്ങളിലുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി. പുഴയിൽ ഇറങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ചിറ്റൂരിലെ വെള്ളയോടി പാലത്തിന് മുകളിലേക്ക് എത്തുന്നതുവരെ ജലനിരപ്പ് ഉയർന്നിരുന്നു. പുഴകളിൽ കുത്തിയൊഴുക്കുണ്ടായതോടെ ജനങ്ങൾ പരിഭ്രാന്തരായി. ആളിയാർ ഡാം തുറക്കുന്നത് സംബന്ധിച്ച് തങ്ങൾക്ക് അറിയിപ്പ് ലഭിച്ചില്ലെന്നാണ് പാലക്കാട് ജില്ലാ അധികൃതർ പറയുന്നത്.

അതേസമയം, ഡാം തുറക്കുന്ന വിവരം കേരള ജലവിഭവ വകുപ്പിനെയും പൊലീസിനെയും അറിയിച്ചെന്നാണ് തമിഴ്‌നാട് വ്യക്തമാക്കുന്നത്.