കൊച്ചി: തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ പേരിൽ ഇടതുപക്ഷസ്ഥാനാർത്ഥി ജോ ജോസഫിന് വോട്ട് അഭ്യർത്ഥിച്ച് വ്യാപകമായി പ്രീ-റെക്കോർഡഡ് ഫോൺ കോളുകൾ വോട്ടർമാർക്ക് ലഭിക്കുന്നു. ഇത് വളരെ തെറ്റിദ്ധാരണ പരത്തുന്നതും അത്യന്തം അപലപനീയവുമാണെന്ന് ആംആദമി കൺവീവൻ പി സി സിറിയക് വാർത്താക്കുറിപ്പിൽ പറഞ്ഞു.

7127191540 എന്ന നമ്പറിലൂടെ ട്രൂ കോളർ മൊബൈൽ ആപ്ലിക്കേഷനിൽ ആം ആദ്മി പാർട്ടിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രീ-റെക്കോർഡഡ് ഫോൺ വിളികൾ നടത്തുന്നത്. ഇന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളും ട്രൂ കോളർ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരാണ്. ഇടതുപക്ഷസ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള കോൾ ലഭിച്ചതിനുശേഷം ഫോൺ ചെക്ക് ചെയ്യുമ്പോൾ ആം ആദ്മി പാർട്ടി എന്നാണ് തെളിഞ്ഞുവരുന്നത്.

1800-ലധികം ആളുകൾ ഈ നമ്പറിനെ സ്പാം ആയി ട്രൂ കോളറിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് ജനങ്ങൾ ഇത്തരം കുടിലതന്ത്രങ്ങൾ ഒരിക്കലും അംഗീകരിക്കില്ല എന്നതാണ്.

ഇത് തിരഞ്ഞെടുപ്പുകാലത്ത് എല്ലാ രാഷ്ട്രീയമര്യാദകളും ധർമ്മികതയും ലംഘിക്കുന്ന ഒരു പ്രവൃത്തിയാണ്. ഇതിനെതിരെ പൊലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും ആം ആദ്മി പാർട്ടി പരാതി നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ കുറ്റക്കാർക്കെതിരെ സത്വരനടപടികൾ സ്വീകരിക്കണം.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഒരുപാർട്ടിയെയും പിന്തുണക്കില്ലെന്ന് ജനക്ഷേമസഖ്യത്തിനുവേണ്ടി ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ പി. സി. സിറിയക്കും ട്വന്റി20 പാർട്ടിയുടെ പ്രസിഡണ്ട് ശ്രീ സാബു ജേക്കബ്ബും മെയ് 22 ന് സംയുക്തപത്രസമ്മേളനത്തിലൂടെ വ്യക്തമാക്കിയിരുന്നു. ആ നിലപാടിൽ തന്നെ ഞങ്ങൾ ശക്തമായി ഉറച്ചുനിൽക്കുന്നു. തൃക്കാക്കരയിൽ ജനക്ഷേമസഖ്യത്തോട് അനുഭാവമുള്ള ഇരുപത്തയ്യായിരത്തിലധികം വോട്ടർമാർ നല്ല രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണ്. കേരളത്തിലെ രാഷ്ട്രീയസാഹചര്യം നന്നായി പഠിച്ചതിനുശേഷമായിരിക്കും വിവേകപൂർവ്വം അവർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക.

തിരഞ്ഞെടുപ്പുകാലത്ത് ജയിക്കുന്നതിനുവേണ്ടി എന്ത് അധാർമികതയും കാണിക്കുന്ന രാഷ്ട്രീയപാർട്ടികൾ അത്തരം പരിപാടികൾ അവസാനിപ്പിക്കണം. രാഷ്ട്രീയത്തിൽ നേരിനും നെറിവിനും വേണ്ടി നിലകൊള്ളുന്ന ആം ആദ്മി പാർട്ടിയെയും ജനക്ഷേമസഖ്യത്തെയും പരമ്പരാഗതരാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പുകാലത്ത് പ്രയോഗിക്കുന്ന ആധാർമിക നടപടികളിലേയ്ക്ക് വലിച്ചിഴക്കുന്നത് അനുവദിക്കാൻ പറ്റില്ല.